ഇരിട്ടി: ഇരിട്ടി നഗരത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസ് കെട്ടിടത്തിൽ നിന്നും പുക ഉയർന്നതും സൈറൺ മുഴക്കിക്കൊണ്ട് ഓടിയെത്തിയ അഗ്നിരക്ഷാ വാഹനങ്ങളും ആംബുലൻസും ഇവയിൽ നിന്നും സർവ സുരക്ഷാ സംവിധാനങ്ങളോടെയും ചാടിയിറങ്ങിയ അഗ്നിരക്ഷാ സേനയെയും കണ്ട് ജനം അമ്പരന്നു. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഓടിയെത്തിയ ജനങ്ങളും കച്ചവടക്കാരും എന്താണ് നടക്കുന്നതെന്നറിയാതെ തടിച്ചുകൂടി. പലരും അഗ്നിശമനസേനാ ഓഫീസിലേക്കും പോലീസ് സ്റ്റേഷനിലേക്കും വിളിച്ചു കാര്യമന്വേഷിച്ചു. ഇതിനിടയിൽ പുക ഉയരുന്ന കെട്ടിടത്തിന് മുകളിൽ നിന്നും ചിലരെ അഗ്നിരക്ഷാ പ്രവർത്തകർ സ്‌ട്രെച്ചറിലും താങ്ങിയെടുത്തും ആംബുലസിലേക്ക് കയറ്റുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ ഇരിട്ടി അഗ്നിരക്ഷാ സേന നടത്തിയ മോക്ക് ഡ്രില്ലയിരുന്നു ഇത് എന്നറിഞ്ഞപ്പോഴാണ് ഇവിടെ കൂടിയ ജനങ്ങൾക്കിടയിൽ പടർന്ന ഭീതി ഒഴിവായത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു പെട്ടെന്നുള്ള തീ പിടുത്ത അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട വിധവും പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ സന്ദേശവും നല്‍കിക്കൊണ്ടുള്ള മോക്ഡ്രില്‍ ഇരിട്ടി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അരങ്ങേറിയത്. ഭീതിയോടെ രക്ഷാപ്രവര്‍ത്തനം ശ്വാസമടക്കി കണ്ടു നിന്ന കാണികള്‍ക്ക് സേനാംഗങ്ങളുടെ സമയോചിതമായ രക്ഷാ പ്രവര്‍ത്തനം മതിപ്പുളവാക്കി. ഇരിട്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ. രാജീവന്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തി. ഇരുപതിലധികം സേനാംഗങ്ങളാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്.
previous post