24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്: വിദേശത്തുനിന്ന് മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നതായി പഠന റിപ്പോർട്ട്
Kerala

കോവിഡ്: വിദേശത്തുനിന്ന് മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നതായി പഠന റിപ്പോർട്ട്

കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് വിദേശത്തുനിന്ന് തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും നിത്യവൃത്തിക്കായി പാടുപെടുന്നു. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് (സി.ഡി.എസ്) നടത്തിയ പഠനത്തിലാണ് മടങ്ങിയെത്തിയതില്‍ 70 ശതമാനത്തിലധികം പേരും തൊഴിൽരഹിതരായി മാറിയതായി കണ്ടെത്തിയത്.

മടങ്ങിയെത്തിയവരില്‍ 50 ശതമാനം പേര്‍ സൗദി അറേബ്യയില്‍നിന്നും 19 ശതമാനം പേര്‍ യു.എ.ഇയില്‍നിന്നും 11 ശതമാനം പേര്‍ ഖത്തറില്‍നിന്നും ഏഴ് ശതമാനം വീതം ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിൽനിന്നും ആറു ശതമാനം കുവൈത്തില്‍നിന്നുമാണ് വന്നത്. പ്രതിമാസം 10000ലധികം അയച്ചിരുന്ന ഇവര്‍ കൂലിവേലപോലും കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

ഇവർക്ക് തിരികെപ്പോകാന്‍ ആഗ്രഹമുണ്ടെങ്കിലും സ്ഥാപനങ്ങള്‍ പലതും ജീവനക്കാരുടെ എണ്ണം കുറക്കുകയും സ്വദേശികൾക്ക് ജോലി നല്‍കണമെന്ന് നിബന്ധന കൊണ്ടുവരികയും ചെയ്തതോടെ പ്രതിസന്ധി കൂടി. പുതിയ വിസക്ക് ലക്ഷങ്ങള്‍ വേണ്ടിവരും. അതിനുള്ള നിവൃത്തിയില്ലാത്തവരാണ് ഭൂരിഭാഗവും. ഹൗസിങ് ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസ വായ്പ അടക്കം മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. വീടുപണി പാതിവഴിയിലായവർക്ക് അവ വില്‍ക്കേണ്ട അവസ്ഥയാണ്. പുതിയ ജീവിതമാര്‍ഗങ്ങള്‍ക്കായി ബാങ്കുകളില്‍നിന്ന് വായ്പയെടുത്തിരുന്നു. അതും തിരിച്ചടക്കാനാകുന്നില്ല. എന്നാല്‍, ഗള്‍ഫിലെ സ്ഥിതി ഉടന്‍ മെച്ചപ്പെടുമെന്നും അങ്ങനെ വന്നാല്‍ തിരികെ പറക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് കുറേപേർ.

നേരത്തേ, കേന്ദ്ര വിദേശകാര്യ വകുപ്പിനുവേണ്ടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ സര്‍വേയില്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയ 51 ശതമാനം പേരും സ്വന്തമായി കിടപ്പാടമില്ലാത്തവരാണെന്നും 47 ശതമാനം ദൈനംദിന ചെലവുകള്‍ക്കുപോലും വകയില്ലാതെ വലയുകയാണെന്നും കണ്ടെത്തിയിരുന്നു.

കൂടുതല്‍ പ്രവാസികള്‍ തൊഴില്‍രഹിതരാകുന്നതോടെ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയും തകിടം മറിയും. കേരളത്തിന്‍റെ മൊത്തം ആഭ്യന്തരോൽപാദനത്തിന്‍റെ 36 ശതമാനവും പ്രവാസികളുടെ പണമാണ്. ഗാര്‍ഹിക ഉപയോഗത്തിലും കാര്യമായ സംഭാവനയുണ്ടായിരുന്നു. രാജ്യത്തിന്‍റെ സമ്പദ്ഘടനക്ക് താങ്ങായി നിന്നവരുടെ കാര്യത്തില്‍ സര്‍ക്കാറുകള്‍പോലും ഇപ്പോള്‍ മൗനത്തിലാണ്. നോര്‍ക്കയില്‍ സ്വയം തൊഴില്‍ സംരംഭത്തിന് അപേക്ഷ നല്‍കിയെങ്കിലും വസ്തുവിന്‍റെ ഈടില്ലാതെ ബാങ്കുകള്‍ ലോണ്‍ അനുവദിക്കാന്‍ രംഗത്തുവരുന്നുമില്ല.

Related posts

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

വിശപ്പിനെതിരെയാണ് പോരാട്ടം; ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം

Aswathi Kottiyoor

ഇരുട്ടടിയായി മൃഗങ്ങൾക്കുള്ള മരുന്ന് വിലയും വർധിപ്പിച്ചു.*

Aswathi Kottiyoor
WordPress Image Lightbox