സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് (മാർച്ച് 16) വൈകിട്ട് ആറിനു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തിയേറ്റർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
സിനിമാ ആസ്വാദനം മികവുറ്റതാക്കാനായി ആധുനിക സാങ്കേതിക സംവിധാനങ്ങൾ തിയേറ്റർ കോംപ്ലക്സിൽ ഒരുക്കിയിട്ടുണ്ട്. SMPTE യുടെ REC 2020 യിലുള്ള എല്ലാ നിറങ്ങളും സ്‌ക്രീനിൽ പുനഃസൃഷ്ടിക്കാൻ കഴിയുന്ന RGB 4കെ ലേസർ പ്രൊജക്ടറുകളാണു മൂന്നു തിയേറ്ററുകളിലും ഒരുക്കിയിട്ടുള്ളത്. മുൻപുണ്ടായിരുന്ന സെനോൺ ലാമ്പ് പ്രൊജക്ടറുകളെക്കാൾ മികച്ച ദൃശ്യാനുഭവം നൽകാൻ പുതിയ സംവിധാനത്തിനു കഴിയും. കുറഞ്ഞ വൈദ്യുതി ഉപഭോഗവും കൂടുതൽ കാലം നിലനിൽക്കുമെന്നതും പ്രത്യേകതയാണ്. ഡോൾബിയുമായി സഹകരിച്ചു അത്യാധുനിക സിനിമാ ഓഡിയോ സെർവറായ IMS 3000 സെർവറുകൾ മൂന്നു തിയേറ്ററുകളിലും സ്ഥാപിച്ചിട്ടുണ്ട്. ലേസർ പ്രോജക്ടുകൾക്ക് അനുയോജ്യമായ ഹൈ വൈറ്റ്, സിൽവർ സ്‌ക്രീനുകളാണു തിയേറ്ററുകളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ട്രിപ്പിൾ ബീം 3ഡി യൂണിറ്റും ഒരുക്കിയിരിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിലേതിനു സമാനമായി മാതൃസൗഹൃദമാകാൻ പ്രത്യേക ബേബി റൂമുകളും ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുമൊത്തു സിനിമാ ആസ്വാദനം സാധ്യമാകുമെന്നതാണ് പ്രത്യേകത. കേരളത്തിൽ ആദ്യമായാണ് ഈ സംവിധാനം. കൂടാതെ തിയേറ്റർ ലോബിയിൽ പ്രത്യേക ഫീഡിങ് റൂമും ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യവും തയാറാക്കിയിരിക്കുന്നു.