ലൈഫ് ഗുണഭോക്താക്കളുടെ ഭൂമി തരംമാറ്റൽ അപേക്ഷ പ്രത്യേകം പരിഗണിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോസീജിയറിൽ ഇക്കാര്യം ഉൾപ്പെടുത്തും. ഓരോ റവന്യു ഡിവിഷണൽ ഓഫീസിലും ആർഡിഒ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കും.
ശേഷിക്കുന്നവ ആറു മാസത്തിനകം തീർപ്പാക്കാൻ കർമപദ്ധതി തയ്യാറാക്കും. പുരോഗതി വിലയിരുത്താനും നിർദേശം നൽകാനും ലാൻഡ് റവന്യു കമീഷണറേറ്റിൽ പ്രത്യേക സെൽ ആരംഭിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട സെറ്റിൽമെന്റിന് നിയമനിർമാണം പരിഗണനയിലാണെന്നും മന്ത്രി മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ആവശ്യമെങ്കിൽ തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ സർവേ സഭ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിബന്ധന തടസമാകില്ല
റവന്യു രേഖകളിൽ നിലമായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം ലൈഫ് ഭവന പദ്ധതിയിൽ വീട് വയ്ക്കാൻ ഭൂമി വാങ്ങാമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. 2008നു മുമ്പ് നികത്തിയ ഭൂമിയാണെങ്കിൽ അനുമതി പ്രകാരം വീടുവയ്ക്കാം.
പൊതു ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കുമ്പോൾ രജിസ്റ്റർ ചെയ്തു നൽകണമെന്ന വ്യവസ്ഥ മാറ്റാൻ കൂട്ടായി ആലോചിക്കാമെന്ന് മന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നൽകി. റീലിങ്കിഷ്‌മെന്റ് ഫോറത്തിൽ ഒപ്പിട്ട് ഭൂമി നൽകാൻ കോടതി വിധി തടസ്സമാണെന്നും മന്ത്രി പറഞ്ഞു.