കൊച്ചി∙ പിഞ്ചുകുഞ്ഞിനെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അച്ഛൻ സജീവ്, അമ്മൂമ്മ സിപ്സി എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തിരുന്നു.എന്നാൽ, കുഞ്ഞിന്റെ കൊലയിൽ പങ്കില്ലെന്നാണ് ഇവരുടെ മൊഴി. വിശ്വാസത്തിന്റെ പുറത്താണു ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിന്റെ സംരക്ഷണയിൽ കുഞ്ഞിനെ വിട്ടു ലോഡ്ജിനു പുറത്തു പോയതെന്നും സിപ്സി പൊലീസിനോടു പറഞ്ഞു.
ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു പുറത്തു പോയതെന്നാണു സിപ്സി ആവർത്തിക്കുന്നതെങ്കിലും ഇതു പൊലീസ് വിശ്വസിച്ചിട്ടില്ല. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കൂടുതൽ വ്യക്തത വരുത്താൻ മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
കുഞ്ഞിനെ വഴിവിട്ട ബന്ധങ്ങൾക്കും ലഹരി വ്യാപാരത്തിനും മറയായി സിപ്സി ഉപയോഗിച്ചിരുന്നുവെന്നതിനു വിശ്വസനീയമായ തെളിവുകൾ ചോദ്യം ചെയ്തപ്പോൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നോറ മരിയയുടെ അഞ്ചു വയസ്സുകാരനായ സഹോദരനോടു സംസാരിച്ചപ്പോഴും കുട്ടികളുടെ പരിപാലനത്തിൽ സിപ്സി കാട്ടിയ ജാഗ്രതക്കുറവും അലംഭാവവും സംബന്ധിച്ചു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന ജോൺ ലഹരി കിട്ടാതെ വന്നാൽ അക്രമാസക്തനാകുന്നയാളാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ലഹരി ലഭിക്കാതെ വരുമ്പോൾ വീട്ടിലെ വളർത്തു മൃഗങ്ങളെ ക്രൂരമായി പ്രതി ഉപദ്രവിച്ചിരുന്നുവെന്നു പൊലീസിനോട് അയൽവാസികളുൾപ്പെടെ വെളിപ്പെടുത്തി. വളർത്തുനായയുടെ മുഖം പ്ലാസ്റ്റർ വച്ച് ഒട്ടിച്ച ശേഷം തുണിചുറ്റി തീകൊളുത്തുക, കോഴികളെ പാറയിൽ തലയടിച്ചു കൊല്ലുക തുടങ്ങിയ ക്രൂരതകൾ പ്രതിയുടെ പതിവായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതും ഇരയുടെ വേദന ആസ്വദിക്കുന്ന സ്വഭാവ വൈകൃതം മൂലമാണെന്നാണു പൊലീസിന്റെ നിഗമനം.