മീനച്ചൂടിലേക്ക് കടക്കുമ്പോൾ കേരളം വെന്തുരുകുകയാണ്. മിക്ക ജില്ലയിലും 35 -38 ഡിഗ്രിവരെ താപനില എത്തി. രാത്രിയും ചൂടിന് കുറവില്ല. 21 വരെ ഇതാകും സ്ഥിതിയെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. സൂര്യൻ ദക്ഷിണാർധ ഗോളത്തിൽനിന്ന് ഉത്തരാർധ ഗോളത്തിലേക്ക് കടക്കുന്ന സമയമായതിനാൽ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ചൂട് കൂടുന്നത് സ്വാഭാവികമാണ്.
എന്നാൽ, വേനൽമഴകൂടി പണിമുടക്കിയതോടെ ചൂട് വർധിച്ചു. കേരളത്തിലേക്ക് കിഴക്കുനിന്നെത്തുന്ന വരണ്ട കാറ്റിന്റെ ശക്തിയും കൂടി. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയിൽ ഈ മാസം 100 ശതമാനം മഴക്കുറവാണ്. മേഘമില്ലാത്ത അന്തരീക്ഷമായതിനാൽ സൂര്യനിൽ നിന്നുള്ള ചൂട് നേരിട്ട് പതിക്കുകയാണ്. പകൽ 11 മുതൽ 3.30 വരെ ഇത് കൂടുതൽ തീവ്രവും ആകും. ആയതിനാൽ സൂര്യാതപത്തിന് സാധ്യതയുണ്ട്. കേരളത്തിന് ശക്തമായ ചൂടുതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നൽകിയിട്ടുണ്ട്.
ചിലയിടങ്ങളിൽ പകൽ താപനില 38 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ പാലക്കാട്, പുനലൂർ പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടാണ്. ഞായറാഴ്‌ച പുനലൂരിൽ 38.7ഉം വെള്ളായണിക്കരയിൽ 38.4 ഡിഗ്രിസെൽഷ്യസുമായിരുന്നു പകൽ താപനില.