24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇനി രക്ഷപ്പെടാമെന്നു കരുതേണ്ട! വഴികളിൽ മിഴി തുറക്കുന്നത് 726 നൂതന കാമറകൾ
Kerala

ഇനി രക്ഷപ്പെടാമെന്നു കരുതേണ്ട! വഴികളിൽ മിഴി തുറക്കുന്നത് 726 നൂതന കാമറകൾ

ഇനി റോഡിൽ നിയമലംഘനം നടത്തിയിട്ടു ആരും കാണാതെ രക്ഷപ്പെടാമെന്നു കരുതേണ്ട. കാണേണ്ടവർ നിങ്ങളെ കാണും. ഒന്നും രണ്ടുമല്ല, 726 നൂതന കാമറകളാണ് കേരളത്തിലെ പ്രധാന പാതകളിൽ ഏപ്രിൽ ഒന്നോടെ മിഴി തുറക്കുന്നത്. കാമറകളിൽ 95 ശതമാനവും ഏപ്രിൽ മുതൽ പ്രവർത്തനക്ഷമമാകും.

മോട്ടോർ വാഹന വകുപ്പാണ് 235 കോടി മുടക്കി ദേശീയ, സംസ്ഥാന പാതകൾ അടക്കം പ്രധാന പാതകളിലെല്ലാം കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കെൽട്രോൺ ആണ് കാമറകൾ സ്ഥാപിച്ചു നൽകുന്നത്. അഞ്ചു വർഷത്തെ പരിപാലനവും അവരുടെ ചുമതലയാണ്.

പിടി വീഴും

ട്രാഫിക് കുറ്റങ്ങളെല്ലാം ഒന്നൊഴിയാതെ പിടിച്ചെടുക്കാൻ നിർമിത ബുദ്ധിയുള്ള അതിനൂതന 700 കാമറകളാണ് പാതകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നു പേർ യാത്ര ചെയ്യുക, അപകടകരമായ വാഹനമോടിക്കൽ എന്നിവയെല്ലാം കാമറ തിരിച്ചറിയും.

കാറിൽ മുൻ സീറ്റിലെ രണ്ടു പേരും സീറ്റ് ബൽറ്റ് ധരിച്ചില്ലെങ്കിലോ ടൂ വീലർ യാത്രികർ രണ്ടു പേരും ഹെൽമറ്റ് ധരിച്ചില്ലെങ്കിലോ കാമറ കണ്ടെത്തും. ചിത്രവും പിഴയടയ്ക്കാനുള്ള നോട്ടീസും ഉടമയെത്തേടി വീട്ടിലെത്തും.

അമിതവേഗവും പിടിക്കും

അമിതവേഗത്തിൽ ചീറിപ്പാഞ്ഞുപോയാൽ ഇനി വിവരമറിയും. അതിനായി റഡാർ കാമറകളും പാതയോരത്തു സജ്ജമാക്കിക്കഴിഞ്ഞു. തിരുവനനന്തപുരം ബൈപ്പാസിൽ ചാക്കയിലും ഇൻഫോസിസിന്‍റെ മുന്നിലുമായി രണ്ടെണ്ണവും കൊല്ലം ബൈപ്പാസിൽ രണ്ടെണ്ണവും സ്ഥാപിച്ചുകഴിഞ്ഞു.

ജംഗഷനുകൾ കേന്ദ്രീകരിച്ചു 18 കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിഗ്നൽ ലംഘനം കൈയോടെ ഇവ കണ്ടെത്തും. ഇതുകൂടാതെ മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനത്തിൽ സ്വയം പ്രവർത്തിക്കുന്ന നാലു കാമറകളുണ്ടാകും.

റോഡരികിൽ ഈ വാഹനങ്ങൾ നിർത്തിയിടുന്പോഴും കാമറ പ്രവർത്തന ക്ഷമമായിരിക്കും. നിലവിലുള്ള ഇത്തരം കാമറകൾ പ്രവർത്തിപ്പിക്കാൻ ഒരാളുടെ സഹായം ആവശ്യമായിരുന്നെങ്കിൽ പുതിയ കാമറ സ്വയം പ്രവർത്തിച്ചു ചിത്രമെടുത്തു കൺട്രോൾ റൂമിലേക്ക് അയയ്ക്കും.

വാഹനത്തിലെ കാമറകൾ ഒഴികെയുള്ളവയെല്ലാം സൗരോർജത്തിലാണ് പ്രവർത്തനം. 4ജി കണക്ടിവിറ്റി സിം ഉപയോഗിച്ചാണ് ഡാറ്റാ കൈമാറ്റം. അതുകൊണ്ടു വേഗത്തിലുള്ള കൈമാറ്റം നടക്കും. വാഹനത്തിന്‍റെ ചിത്രവും വാഹനം ഒാടിക്കുന്ന വ്യക്തിയുടെ ചിത്രവും കാമറ പകർത്തും.

നിയമം ലംഘിച്ചാൽ പിഴയടയ്ക്കാനുള്ള നോട്ടീസ് അധികം വൈകാതെ വീട്ടിലെത്തുമെന്നു ചുരുക്കം. ആറു മാസത്തെ ദൃശ്യങ്ങൾ ശേഖരിച്ചുവയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

Related posts

കേരളത്തോട്‌ വൈദ്യുതി ആവശ്യപ്പെട്ട്‌ കേന്ദ്രം.

Aswathi Kottiyoor

ഒരു മാസം നീണ്ട വാക്‌സിനേഷന്‍ യജ്ഞം; ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും: മന്ത്രി.

Aswathi Kottiyoor

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox