ഇരിട്ടി: തൊണ്ടിയിൽ വെച്ച് നടന്ന പ്രഥമ കേരളാ ഒളിമ്പിക്‌സ് ജില്ലാ മത്സരത്തിലും, കോതമംഗലത്ത് നടന്ന സീനിയർ സ്റ്റേറ്റ് മത്സരത്തിലും ഒന്നാം സ്ഥാനം നേടുകയും പഞ്ചാബിൽ വെച്ച് നടന്ന ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്‌സിറ്റി മത്സരത്തിൽ പതിനാറാമത് സ്ഥാനം നേടുകയും ചെയ്തതോടെ ആർച്ചറി റീകർവ് വിഭാഗം താരം അനാമികാ സരേഷിന് ഖേലോ ഇന്ത്യ , സീനിയർ നാഷണൽ എന്നിവയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഖേലോ ഇന്ത്യാ മത്സരം ബംഗളൂരുവിലും, സീനിയർ നാഷണൽ മീറ്റ് ജമ്മു കാശ്മീരിലുമാണ് നടക്കുക. ആർച്ചറി റീകർവ് വിഭാഗം താരമാണ് അനാമിക സുരേഷ്.
ഇരിട്ടി കടത്തുംകടവ് പുതുശ്ശേരിയിലെ കാർപ്പെന്റർ തൊഴിലാളി സുരേഷിന്റേയും പരേതയായ കൃഷ്ണാ സുരേഷിന്റെയും മകളാണ് അനാമിക. ആർച്ചറിയിൽ ജില്ലാ തലത്തിലും , സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയിട്ടുണ്ട്. ഇതിനെത്തുടർന്ന് വേൾഡ് യൂത്ത് ആർച്ചറി ചാമ്പ്യൻ ഷിപ്പിന്റെയും ഏഷ്യാ കപ്പിന്റെയും ട്രയൽസിൽ പങ്കെടുക്കാൻ അനാമികക്കായി. ഇതിൽ പങ്കെടുത്ത കേരളത്തിലെ ആദ്യത്തെയും ഏക താരവുമാണ് അനാമിക .
എന്നാൽ തുടർച്ചയായി മത്സരങ്ങളിൽ വിജയിച്ച് കയറുമ്പോഴും നാഷണൽ ചാമ്പ്യന്‍ ഷിപ്പിന് അടക്കം മത്സരിക്കുമ്പോഴും പരിശീലനത്തിനും മത്സരത്തിനുമായി സ്വന്തമായി ഒരു വില്ല് എന്ന അനാമികയുടെ സ്വപ്നം ഇപ്പോഴും പൂവണിഞ്ഞിട്ടില്ല. ഇതിനായി ഉപയോഗിക്കുന്ന വില്ല് ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. വിദേശത്തുനിന്നും വരുന്ന വില്ലിനാണെങ്കിൽ രണ്ട് ലക്ഷം രൂപയോളമാണ് വില. അതുകൊണ്ടുതന്നെ തന്റെ സ്വപ്നം മനസ്സിൽ വെച്ചുറങ്ങുന്ന അനാമികയെ സഹായിക്കാൻ സ്പോർട്സിനേയും കായിക താരങ്ങളേയും സ്നേഹിക്കുന്ന ആരെങ്കിലും മുന്നോട്ടു വരാൻ തയ്യാറുണ്ടെങ്കിൽ അത് കായിക കേരളത്തിന്റെ വാഗ്ദാനമായ ഈ പെൺകുട്ടിയോട് ചെയ്യുന്ന സഹായമായിരിക്കും.
previous post