22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നവീനം നാടിനായി ; വിജ്ഞാനത്തിൽനിന്ന്‌ ഉൽപ്പാദനം
Kerala

നവീനം നാടിനായി ; വിജ്ഞാനത്തിൽനിന്ന്‌ ഉൽപ്പാദനം

വിജ്ഞാനത്തെ ഉൽപ്പാദനവുമായി കൂട്ടിയിണക്കുന്ന ആധുനിക വികസന കാഴ്‌ചപ്പാടിന്‌ കരുത്തേകുന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം ബജറ്റ്‌. ജീനോ ഡാറ്റാ സെന്റർ, മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ്‌, ഗ്രാഫീൻ പഠനം, ട്രാൻസ്‌ലേഷണൽ ലാബ്‌ തുടങ്ങിയ നവീന പഠന, ഗവേഷണ, ഉൽപ്പാദന മേഖലയിലെ ഇടപെടൽ ഇതിലേക്കുള്ള ആദ്യ ചുവടാണ്‌. കാൽനൂറ്റാണ്ടിനുള്ളിൽ നമ്മുടെ നാടും വികസിത മധ്യവരുമാന രാഷ്‌ട്രങ്ങൾക്കൊപ്പം സഞ്ചരിക്കാനൊരുങ്ങുന്നു എന്നതിന്റെ ശുഭസൂചകം.

ജീനോം‌ ഡാറ്റാ സെന്റർ
കെ–-ഡിസ്‌ക്‌ സ്ഥാപിക്കുന്ന കേരള ജീനോം‌ ഡാറ്റാ സെന്റർ ആരോഗ്യസംരക്ഷണം, ജനിതക വൈകല്യ പഠനം, പ്രാഥമിക മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ രംഗങ്ങളിൽ കേന്ദ്രീകരിക്കും. ഗവേഷണ സ്ഥാപനം, ആശുപത്രി, ബയോടെക്‌ കമ്പനി, ബയോ ഇൻഫോർമാറ്റിക്‌സ്‌ ആൻഡ്‌ ഡയഗ്നോസ്‌റ്റിക്‌ സ്‌റ്റാർട്ടപ് എന്നിവയ്‌ക്ക്‌ നിർണായക അടിത്തറയാകും. ജീനോമിക്‌ ഡാറ്റ സംഭരിക്കലും സംസ്‌കരിക്കലുമാകും ചുമതല. 500 കോടിയുടെ പദ്ധതി കേരള സർവകലാശാല നയിക്കും.

ന്യൂട്രാസ്യൂട്ടിക്കൽസിൽ ഉണർവോടെ
രോഗപ്രതിരോധത്തിനും ചികിത്സയ്‌ക്കും പ്രയോജനകരമാകുന്ന ഭക്ഷണമോ ഭക്ഷണപദാർഥമോ ആണ്‌ ന്യൂട്രാസ്യൂട്ടിക്കൽ. ഇവയുടെ ഗവേഷണ കേന്ദ്രം, സ്‌റ്റാർട്ടപ്, ഇതര സ്ഥാപനം എന്നിവയെ ബന്ധിപ്പിക്കുന്നതാണ്‌ പദ്ധതി. ആരോഗ്യപരിപാലനത്തിനും ജീവിതനിലവാരം ഉയർത്തുന്നതിനും ന്യൂട്രാസ്യൂട്ടിക്കൽസ്‌ പ്രയോജനപ്പെടുത്താം. ആദിവാസി സമൂഹം കൈമാറുന്ന പരമ്പരാഗത അറിവിനെയും പാരമ്പര്യ വൈദ്യശാസ്‌ത്ര രീതികളെയും പോഷകാഹാര ഫാർമസ്യൂട്ടിക്കൽ ശാസ്‌ത്രരംഗങ്ങളെയും ബന്ധിപ്പിക്കുകയാണ്‌ ദൗത്യം. പദ്ധതി രൂപരേഖ തയ്യാറാക്കാൻ വിദഗ്‌ധ സംഘത്തെ നിയോഗിക്കും.

ഗ്രാഫുയർത്താൻ ഗ്രാഫീൻ
നാളത്തെ അത്‌ഭുത പദാർഥമെന്ന്‌ വിശേഷിപ്പിക്കുന്ന ഗ്രാഫീനിലെ‌ പഠനത്തിന്‌ സംസ്ഥാന സർക്കാരും ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ സ്ഥാപിക്കും. സി–-മെറ്റും ഡിജിറ്റൽ സർവകലാശാലയും നിർവഹണ ഏജൻസികളാകും‌. ടാറ്റാ സ്‌റ്റീൽ ലിമിറ്റഡ്‌ വ്യവസായ പങ്കാളിയും.

ട്രാൻസ്‌ലേഷണൽ ലാബുകൾ
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാഗമായാണ്‌ ഇവ സ്ഥാപിക്കുക. ഗവേഷണ കണ്ടെത്തലുകളെ നാടിന്റെ ഉൽപ്പാദനമേഖലയ്‌ക്ക്‌ ഗുണകരമാകുന്ന തരത്തിലേക്ക്‌ എത്തിക്കും. അറിവുകളെ അക്കാദമിക്‌ തലത്തിൽനിന്ന്‌ പ്രായോഗിക ജീവിതത്തിലേക്ക്‌ പറിച്ചുനടും. സംരംഭകത്വം ഇൻകുബേഷൻ കേന്ദ്രങ്ങളും വ്യാപിപ്പിക്കും.

സസൂക്ഷ്‌മം മൈക്രോബയോം
ലോക ഗവേഷകർ പ്രത്യേകം ശ്രദ്ധിക്കുന്ന നൂതന മേഖലയാണ്‌ മൈക്രോബയോം. മണ്ണ്‌, മനുഷ്യശരീരം, ചർമം എന്നിവയിലെ സൂക്ഷ്‌മാണുക്കളെകുറിച്ചുള്ള പഠനത്തിന്‌ ആരോഗ്യസംരക്ഷണം, കൃഷി, ബയോ ഇൻഫോർമാറ്റിക്‌സ്‌, പ്രോബയോട്ടിക്‌സ്‌ മേഖലകളിൽ വലിയ പ്രാധാന്യമുണ്ട്‌. വർധിച്ചുവരുന്ന രോഗാവസ്ഥയും വാർധക്യപ്രശ്‌നങ്ങളും മൈക്രോബയോം ഗവേഷണം അഭിസംബോധന ചെയ്യും. കെ–-ഡിസ്‌ക്‌ നേതൃത്വത്തിൽ സ്‌ട്രാറ്റജിക്‌ പ്രോഗ്രാമും സെന്റർ ഓഫ്‌ എക്‌സലൻസും രൂപീകരിക്കും. വ്യത്യസ്‌ത ഗവേഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും സെന്റർ സാധ്യമാക്കുക.

Read more: https://www.deshabhimani.com/news/kerala/kerala-budget/1007026

Related posts

പേരാവൂർ വ്യാപാരോത്സവം 2023

Aswathi Kottiyoor

തന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് സുഹൃത്തുക്കളോട് മോശം പറഞ്ഞു; യുവതിയുടെ കൊലപാതകത്തിനു പിന്നില്‍ പക

Aswathi Kottiyoor

വൈദ്യുതിനിരക്ക്‌ കൂട്ടുന്ന നിർദേശവുമായി കേന്ദ്രം ; ഭാരം ഉപയോക്താക്കളിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox