24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സിപ്‌സി അറസ്റ്റില്‍, പിടിയിലായത് തിരുവനന്തപുരത്ത്; പോലീസിന് നേരേ അസഭ്യവര്‍ഷം.*
Kerala

സിപ്‌സി അറസ്റ്റില്‍, പിടിയിലായത് തിരുവനന്തപുരത്ത്; പോലീസിന് നേരേ അസഭ്യവര്‍ഷം.*

തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശി അറസ്റ്റില്‍. അങ്കമാലി സ്വദേശിനിയായ സിപ്‌സിയെയാണ് പോലീസ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സിപ്‌സിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനായ സജീവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച രാവിലെ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്നാണ് സിപ്‌സിയെ പൂന്തുറ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ഇവര്‍ തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്‌സിയെ കസ്റ്റഡിയിലെടുത്തത്.

പൂന്തുറ ഭാഗത്ത് സിപ്‌സിയുടെ ഒരു സുഹൃത്ത് താമസിക്കുന്നുണ്ടെന്നാണ് വിവരം. ഈ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് ബീമാപള്ളി ഭാഗത്ത് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ സിപ്‌സി അക്രമാസക്തയായി. പോലീസുകാര്‍ക്കെതിരേ ഇവര്‍ അസഭ്യവര്‍ഷവും നടത്തി.

കുഞ്ഞിന്റെ സംരക്ഷണത്തില്‍ മുത്തശ്ശിക്കും അച്ഛനും വീഴ്ച സംഭവിച്ചെന്നും ഇതാണ് കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്.

തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകന്‍ ജോണ്‍ ബിനോയി ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി.

സിപ്സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. നേരത്തെ മോഷണം, ലഹരിക്കേസുകള്‍ അടക്കം പല കേസുകളിലും പ്രതിയാണ് സിപ്സി. അടുപ്പത്തിലായിരുന്ന ബിനോയിയും സിപ്സിയും പലതവണ വഴക്കിട്ടിരുന്നു. തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സിപ്സിയെ ഒഴിവാക്കാന്‍ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല. ഒഴിവാക്കാന്‍ ശ്രമിച്ചതോടെ ബിനോയിക്കെതിരേ സിപ്സി പരാതിയും നല്‍കി. മാത്രമല്ല, കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി ബിനോയിയുടെ കുഞ്ഞാണെന്നും സിപ്സി പലരോടും പറഞ്ഞിരുന്നു. ഈ പ്രശ്നങ്ങളെല്ലാമാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബിനോയി പോലീസിനോട് പറഞ്ഞിട്ടുള്ളത്.

അതേസമയം, ഹോട്ടലില്‍ കാമുകനൊപ്പം മുറിയെടുത്ത സിപ്‌സി, സംഭവദിവസം രാത്രി പുറത്ത് പോയത് എന്തിനാണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സിപ്‌സി ഹോട്ടലില്‍നിന്ന് പുറത്തേക്ക് പോയത് മയക്കുമരുന്ന് ഇടപാടുകള്‍ക്ക് വേണ്ടിയാണോ എന്നതാണ് പോലീസിന്റെ സംശയം. ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭിച്ചാല്‍ സിപ്‌സിക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.

Related posts

ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം: മുപ്പതാം വയസിൽ കാനായിയുടെ മത്സ്യകന്യകയ്ക്ക്‌ ലോക അംഗീകാരം

Aswathi Kottiyoor

കുന്നംകുളത്ത്‌ വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത്‌ പിക്കപ്പ്‌ വാൻ; കെ സ്വിഫ്‌റ്റ്‌ അല്ലെന്ന്‌ ദൃശ്യങ്ങളിൽ വ്യക്തം

Aswathi Kottiyoor

കെഎസ്ആർടിസിയെ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox