കർഷകരെ സംരംഭകരാക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനും പദ്ധതി. കാർഷികവിഭവങ്ങളിൽനിന്ന് മൂല്യവർധിത ഉൽപ്പന്നമുണ്ടാക്കാനായി മൂല്യവർധിത കാർഷിക മിഷൻ രൂപീകരിക്കും. അഞ്ചു കോടി രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായി അഞ്ചു വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. ഏഴു ജില്ലയിൽ ഏഴ് അഗ്രി ടെക് ഫെസിലിറ്റി കേന്ദ്രം സ്ഥാപിക്കും. ഇവയുടെ നടത്തിപ്പിന് എഫ്‌പിഒകളും കൃഷിക്കാരുടെ പ്രതിനിധികളും അടങ്ങുന്ന സമിതി.
കേരളത്തിന്റെ തനതായ വിഭവം ഉൽപ്പാദിപ്പിക്കാനും വിപണനം നടത്താനും 10 മിനി ഫുഡ് പാർക്ക് ആരംഭിക്കാൻ 100 കോടി രൂപ കിഫ്‌ബിയിൽനിന്ന് അനുവദിച്ചു. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനായി സിയാൽ മാതൃകയിൽ 100 കോടി രൂപ മൂലധനമുള്ള മാർക്കറ്റിങ് കമ്പനി ആരംഭിക്കും. 20 കോടി രൂപ നീക്കിവച്ചു. കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാൻ സ്വയംതൊഴിൽ കാർഷിക ഗ്രൂപ്പുകൾക്ക് 50 ലക്ഷം രൂപവരെ വായ്‌പ. ഇതിൽ 25 ശതമാനമോ 10 ലക്ഷം രൂപയോ ഏതാണോ കുറവ് അത് സബ്‌സിഡിയായി നൽകും. ഇതിനായി 20 കോടി നീക്കിവച്ചു. മികച്ച കൃഷിരീതിയുള്ള സ്ഥലം സന്ദർശിക്കാനായി കർഷകർക്ക് രണ്ടു കോടി രൂപ. പ്രാദേശിക തൊഴിൽസേന രൂപീകരിക്കാൻ 20 കോടി.
നെല്ലിന്റെ സംഭരണവില 28 രൂപയിൽനിന്ന് 28.20 രൂപയായും നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി തുക ഹെക്ടറിന് 2000 രൂപയിൽനിന്ന് 3000 രൂപയാക്കിയും ഉയർത്തി. റബർ സബ്‌സിഡിക്ക് 500 കോടി റബർ കർഷകർക്ക് സബ്‌സിഡി നൽകാൻ 500 കോടി രൂപ. റബറൈസ്‌ഡ് റോഡ് കൂടുതൽ നിർമിക്കും. ടാറിങ്ങിന് റബർ മിശ്രിതം ഉപയോഗിക്കുന്ന പദ്ധതിക്ക് 50 കോടി രൂപ. പ്ലാന്റേഷൻ നിർവചന പരിധിയിൽ റബർ, കാപ്പി, തേയില എന്നിവയ്‌ക്കൊപ്പം പഴവർഗ കൃഷികൾകൂടി ഉൾപ്പെടുത്തണമെന്ന ഭേദഗതിക്ക് നിർദേശം.