യുക്രെയ്നിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥികളുടെ ആദ്യ സംഘം ഇന്ന് രാവിലെയോടെ ഡൽഹിയിൽ എത്തി. പോളണ്ടിൽ നിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ഡൽഹിയിൽ എത്തിയത്. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്.
ബുധനാഴ്ച 12 ബസുകളിലായി 694 പേരെ പോൾട്ടാവയിലെത്തിച്ച് ട്രെയിൻ മാർഗം ലിവീവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇരുന്നുറോളം മലയാളികൾ സംഘത്തിലുണ്ട്. ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ടുണീഷ്യ പൗരന്മാരെയും സർക്കാർ പോളണ്ടിൽ എത്തിച്ചിരുന്നു.
സുമിയിൽ നിന്നുള്ള വിദ്യാർഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെ ഓപ്പറേഷൻ ഗംഗ ദൗത്യം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. യുക്രെയ്നിലെ പല നഗരങ്ങളിലും തങ്ങിയ 18000ൽ അധികം ഇന്ത്യൻ വിദ്യാർഥികളെയാണ് കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്.