ഇരിക്കൂർ നിയോജക മണ്ഡലത്തിൽ അന്താരാഷ്ട്ര – ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യം വച്ചുള്ള ടൂറിസം പദ്ധതികളുടെ മാസ്റ്റർ പ്ലാൻ തയാറാക്കി വരികയാണെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൈതൽ ഹിൽ റിസോർട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോരത്തിന്റെ സാഹസിക ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തിയും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയും ഏഷ്യയിലെ തന്നെ മികച്ച ടൂറിസം കേന്ദ്രങ്ങളുടെ ഗണത്തിലേക്ക് ഉയരാനുള്ള വളർച്ചാ സാധ്യതകൾ സെമിനാറിൽ വിലയിരുത്തി.
തിരുനെറ്റിക്കല്ല്, കാപ്പിമല, പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാലാങ്കി ടൂറിസം പ്രദേശങ്ങളെ കൂട്ടിയിണക്കിയുള്ള ടൂറിസം സർക്യൂട്ട് പദ്ധതിയും സെമിനാറിൽ പങ്കെടുത്തവർ പങ്കുവച്ചു. പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾക്ക് പ്രാധാന്യം നൽകിയും റോഡ്, ടോയ്ലറ്റ്, ടൂറിസം ഫെസിലിറ്റേഷൻ സെന്റർ, സ്ത്രീകൾക്കായി റസ്റ്റ് ഹോം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് പ്രാമുഖ്യം നൽകിയുമാവണം വികസനലക്ഷ്യം പൂർത്തീകരിക്കേണ്ടതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കാൻ ബസ് സർവീസുകൾ ആരംഭിക്കാനും വനത്തിലൂടെയും മറ്റുമുള്ള വിവിധ വഴികൾ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികളും ഉണ്ടാവണം. കദിശാ സൂചക ബോർഡുകൾ സ്ഥാപിക്കാനും കാരവൻ ടൂറിസം ആരംഭിക്കാനും ത്വരിതഗതിയിൽ നടപടികൾ പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഷാജി, ബേബി ഓടമ്പള്ളി, ജോജി കന്നിക്കാട്ട്, ടെസി ഇമ്മാനുവൽ, നസിയ, വി.പി. മോഹനൻ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ഡിടിഒ യൂസഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം എൻ.പി. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി കണ്ടത്തിൽ, അലക്സ്, ഷൈല ജോയ്, പി.ടി. മാത്യു, അജിത് വർമ, വിവിധ ടൂറിസം സംരംഭകർ എന്നിവർ പങ്കെടുത്തു.