കെ ഫോൺ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയിൽ കേബിൾ ടിവിയെയും പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത് ഓപ്പറേറ്റർമാർ. സംസ്ഥാനത്തെ 25 ലക്ഷത്തിലധികം വീടുകളിൽ ഡിജിറ്റൽ കേബിൾ സർവീസും ഇന്റർനെറ്റും ഐപിടിവി സൗകര്യങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്ന കേബിൾ ഓപ്പറേറ്റർമാർക്ക് അനന്തസാധ്യതയാണ് കെ ഫോൺ തുറക്കുക. കേബിൾ ശൃംഖലയിലൂടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നൂറിലേറെ പ്രാദേശിക ചാനലുകൾക്ക് ഉൾപ്പെടെ കെ ഫോൺ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയുടെ ലോകോത്തര സൗകര്യങ്ങൾ ഉപയോഗിക്കാനാകും.
ജിയോ പോലുള്ള വൻകിട സർവീസ് പ്രൊവൈഡർമാർക്കൊപ്പം കെ ഫോണിന്റെ ഉന്നതനിലവാരമുള്ള ഒപ്‌റ്റിക്കൽ ശൃംഖല പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകൾക്കും ഉപയോഗിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അവസരം തുറന്നുകിട്ടിയിട്ടുള്ളത്. സംസ്ഥാനത്താകെ 50,000 കിലോമീറ്ററിൽ വ്യാപിക്കുന്ന ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയാണ് കെ ഫോണിന്റെ പ്രധാന ആകർഷണം. വൻകിട കുത്തക സർവീസ് പ്രൊവൈഡർമാർക്കുപോലും സംസ്ഥാനത്ത് ഇത്രയും വിപുലമായ ഫൈബർ ശൃംഖല സ്ഥാപിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ എറ്റവും കൂടുതൽപ്പേരിലേക്ക് ഏറ്റവും മികച്ച അതിവേഗ ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും എത്തിക്കാൻ കെ ഫോൺ ശൃംഖലയ്‌ക്കാകും. ഉപയോഗിക്കുന്ന ബ്രാൻഡ്‌വിഡ്‌തിന് നിശ്‌ചിത തുക വാടക നൽകിയാൽ മതിയാകും. ഇതിലൂടെ പ്രാദേശിക കേബിൾ ശൃംഖലകളുടെ നടത്തിപ്പ് ചെലവിൽ വൻ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞചെലവിൽ ഉപയോക്താക്കൾക്ക് കേബിൾ സേവനങ്ങൾ ലഭിക്കുകയും ചെയ്യും. നിലവിൽ സ്വന്തമായി കേബിളുകൾ സ്ഥാപിച്ചാണ് പ്രാദേശിക ശൃംഖലകൾ പ്രവർത്തിക്കുന്നത്. ഉന്നത നിലവാരമുള്ളവയല്ല എല്ലായിടത്തും. അതുകൊണ്ടുതന്നെ നൽകുന്ന സേവനങ്ങളുടെ ഗുണമേന്മയിലും വ്യത്യാസമുണ്ടാകും. കെഎസ്‌ഇബിയുടെ വൈദ്യുതിക്കാലുകളിലൂടെ കേബിൾ വലിച്ചാണ് വീടുകളിൽ സേവനം എത്തിക്കുന്നത്. അതിന് പ്രത്യേക വാർഷിക വാടക നൽകണം. പുറമെ കേബിളുകളുടെ പരിപാലനത്തിനും വലിയ ചെലവ് വഹിക്കണം. ഇതിന്റെയെല്ലാം ഫലമായി കേബിൾ സേവനത്തിന് ഉപയോക്താക്കൾ ഉയർന്ന വാടകയും നൽകേണ്ടിവരുന്നു. ഇതിനെല്ലാം കെ ഫോണിലൂടെ പരിഹാരമാകുമെന്നാണ് ഓപ്പറേറ്റർമാരുടെ പ്രതീക്ഷ.
കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.
രണ്ടു ദിവസത്തെ സമ്മേളനം ആവേശകരമായാണ് ഇക്കാര്യം ചർച്ച ചെയ്‌തത്. കെ ഫോണിലൂടെ എത്തുന്ന സേവനങ്ങൾ അവസാന ഉപയോക്താവിൽ എത്തിക്കാൻ പ്രാദേശിക ഓപ്പറേറ്റർമാരുടെ സഹകരണം അസോസിയേഷൻ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി കെ വി രാജൻ പറഞ്ഞു. ഉൾനാടുകളിലും മലയോരമേഖലകളിലും വീടുകളെ കെ ഫോണുമായി ബന്ധിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.