കെഎസ്‌ഇബിയുടെ സൗര സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ പുരപ്പുറ സൗരോർജനിലയം സ്ഥാപിക്കുന്നതിന് അഞ്ചു ദിവസത്തിനകം അപേക്ഷിച്ചത് 16,868 പേർ. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോടെ സൗരോർജനിലയം സ്ഥാപിക്കുന്നതിന് ഫെബ്രുവരി 28 നാണ് കെഎസ്‌ഇബി സബ്‌ഡിവിഷൻ തലങ്ങളിൽ സ്‌പോർട്ട് രജിസ്‌ട്രേഷൻ തുടങ്ങിയത്. മാർച്ച് അഞ്ചുവരെ 58.302 മെഗാവാട്ട് വൈദ്യുതിക്കുള്ള രജിസ്‌ട്രേഷനാണ് നടന്നത്. 25 സർക്കിളിൽ തൃശൂരിലാണ് ഏറ്റവും കൂടുതൽ രജിസ്‌ട്രേഷൻ–- 1458 പേർ. ഇതുവഴി 5.117 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുക. കണ്ണൂർ സർക്കിളിനാണ് രണ്ടാംസ്ഥാനം. 3.873 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിക്കുന്ന നിലയങ്ങൾ സ്ഥാപിക്കാൻ 1086 പേരാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്. 1043 പേർ രജിസ്‌റ്റർ ചെയ്‌ത തിരുവനന്തപുരം റൂറൽ സർക്കി(3.883 മെഗാവാട്ട്) ളാണ് മൂന്നാമത്.
സൗര പദ്ധതിയിൽ അംഗമാകുന്നതിന് 10, 11 തീയതികളിൽ സെക്ഷൻ സ്പോട്ട് രജിസ്ട്രേഷൻ നടത്തും. 776 സെക്ഷൻ ഓഫീസുകളിലും രജിസ്ട്രേഷന് സൗകര്യമുണ്ടാകും. കൺസ്യൂമർ നമ്പറുമായി സീനിയർ സൂപ്രണ്ടിനെ സമീപിച്ച് സൗര പോർട്ടലിൽ രജിസ്ട്രേഷൻ നടത്താം.
ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സൗരോർജ നിലയം സ്ഥാപിക്കാൻ 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗ മന്ത്രാലയം കേരളത്തിന് അനുവദിച്ചത്. ഇതുവരെ 170 മെഗാവാട്ടിനുള്ള രജിസ്ട്രേഷനാണ് പൂർത്തിയായത്. ബാക്കി അപേക്ഷകരെകൂടി കണ്ടെത്തുകയാണ് ദ്വിദിന സ്പോട്ട് രജിസ്ട്രേഷനിലൂടെ ലക്ഷ്യമിടുന്നത്.
200 മെഗാവാട്ടിന്റെ പദ്ധതി ജൂണിൽ പൂർത്തിയാക്കിയാൽമാത്രമേ പ്രഖ്യാപിച്ച സബ്സിഡി ലഭിക്കൂ. മാർച്ചിൽ രജിസ്ട്രേഷൻ പൂർത്തിയായാലേ നിശ്‌ചിത സമയ പരിധിക്കുള്ളിൽ പദ്ധതി കമീഷൻ ചെയ്യാനാവൂ. ഇതുവരെ ഇ കിരൺ വെബ് സൈറ്റ് വഴിയായിരുന്നു രജിസ്‌ട്രേഷൻ. ഇതിൽ താൽപര്യം അറിയിക്കുന്നവരെ എം -പാനൽ ചെയ്യപ്പെട്ട സോളാർ ഡവലപ്പർമാർ ബന്ധപ്പെട്ട് വിവരം നൽകുകയായിരുന്നു. സ്ഥലത്തെത്തി സർവേ നടത്തി സാധ്യതാ പഠനവും നടത്തും. ഇതിനുശേഷം കരാറുണ്ടാക്കി നിശ്ചിത ഫീസടച്ച് പ്രവൃത്തി തുടങ്ങും. സബ്സിഡി കഴിഞ്ഞുള്ള തുക ഉപഭോക്താക്കൾ അടച്ചാൽ മതി. 20 മുതൽ 40 ശതമാനംവരെയാണ് സബ്സിഡി.