ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു.
കേരളത്തിൽ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുണ്ടെങ്കിലും നിലവിലുള്ളതിന്റെ പരിപാലനത്തിൽ പോരായ്മകളുണ്ട്. പരിപാലനം പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം. പ്രതിസന്ധികൾക്കിടയിലുള്ള മലബാർ ടൂറിസത്തിന്റെ വികാസം കേരള ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
പാർക്ക് നവീകരിച്ച ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് പ്രതിനിധി അജിത്ത് കെ ജോസഫിന് മന്ത്രി ഉപഹാരം നൽകി. കലക്ടർ എസ് ചന്ദ്രശേഖർ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് മാനേജർ സി പി ജയരാജ് എന്നിവർ സംസാരിച്ചു. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന 50 ലക്ഷം രൂപ ചെലവിലാണ് സീ പാത്ത് വേയും സീവ്യൂ പാർക്കും നവീകരിച്ചത്.
രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പാർക്കിന്റെ പ്രവർത്തനം. ടിക്കറ്റ് കൗണ്ടർ, ശുചിമുറി ബ്ലോക്ക്, കിയോസ്‌ക്, ശിൽപ്പങ്ങൾ, ചെസ് ബോർഡ്, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ, വാർലി പെയിന്റിങ്, ഗെയ്റ്റ്, ജലസേചന സംവിധാനം, കളിയുപകരണങ്ങൾ, ഡസ്റ്റ് ബിൻ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 500 മീറ്ററിലാണ് നടപ്പാത. മുതിർന്നവർക്ക് 20 രൂപയും ആറ് മുതൽ 12 വരെ പ്രായമുള്ളവർക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആറ് വയസിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. വനിതാദിനത്തോടനുന്ധിച്ച് ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും പ്രവേശനം സൗജന്യമായിരിക്കും.