22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാന ബജറ്റ്‌ 11ന്‌ ; ചെലവ്‌ കൂടുതൽ; വരുമാനം ഉയർത്തൽ വെല്ലുവിളി
Kerala

സംസ്ഥാന ബജറ്റ്‌ 11ന്‌ ; ചെലവ്‌ കൂടുതൽ; വരുമാനം ഉയർത്തൽ വെല്ലുവിളി

വരുമാനം ഉയർത്തുകയെന്നതാകും സംസ്ഥാന ബജറ്റിന്റെ വലിയ വെല്ലുവിളി. മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞു‌. ചെലവ്‌ കുതിച്ചു. ഈ അന്തരം മറികടക്കുകയാണ്‌ ലക്ഷ്യം. ഉൽപ്പാദന മേഖലയിലടക്കം ഉണർവിനുള്ള പരിപാടികൾക്കാകും‌ ഊന്നൽ. 11ന്‌ രാവിലെ ഒമ്പതിനാണ്‌ ബജറ്റ്‌ അവതരണം.

പുതുക്കിയ കണക്കിൽ നടപ്പുവർഷത്തെ റവന്യുകമ്മി 16,910 കോടി രൂപയാണ്‌. കഴിഞ്ഞവർഷം 19,759 കോടിയും 2019–-20ൽ 15,462 കോടിയുമായിരുന്നു. മൂന്നുവർഷത്തെ വരുമാന നഷ്ടം 53,000 കോടിയാണ്‌. കോവിഡിനെ തുടർന്ന് രണ്ട്‌ അടിയന്തര സാമ്പത്തിക പാക്കേജുകളിലായി 35,262 കോടിയാണ്‌ സർക്കാരിന്റെ അധിക ചെലവ്‌‌.
ഒന്നാം പാക്കേജിൽ 26,362 കോടി രൂപ സഹായമായി ജനങ്ങളിലെത്തിച്ചു. രണ്ടാം പാക്കേജിൽ ആരോഗ്യ മേഖലയ്‌ക്കും പണം നേരിട്ടെത്തിക്കുന്ന പരിപാടികൾക്കുമായി 8900 കോടി നീക്കിവച്ചു‌‌. ഈ അധികച്ചെലവും വരുമാന നഷ്ടവും ചേർത്ത് മൂന്നുവർഷത്തിൽ 88,300 കോടിയുടെ ബാധ്യത വന്നു‌‌.
കോവിഡ്‌ ഭീഷണി നിലനിൽക്കുന്നതിനാൽ ടൂറിസം മേഖല തളർച്ചയിൽതന്നെയാണ്. പ്രവാസികളുടെ സംഭാവനയും പ്രതിസന്ധിയിലാണ്‌. റഷ്യ–-ഉക്രയ്‌ൻ യുദ്ധം ഇന്ധനവില വർധന ഭീഷണി ഉയർത്തുന്നു. ഇത്‌ വിലക്കയറ്റം രൂക്ഷമാക്കും.

ജിഎസ്‌ടിയിൽ പ്രതീക്ഷ വേണ്ട
കേന്ദ്ര സഹായങ്ങൾ കുറയുന്നതും ബജറ്റ്‌ കൈകാര്യംചെയ്യണം. ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം‌ കേന്ദ്രം പരിഗണിക്കുന്നില്ല‌. ജനുവരിവരെ കേരളത്തിന്‌ കുടിശ്ശിക 2850 കോടിയുണ്ട്‌. ജൂണിൽ അവസാനിക്കുന്ന നഷ്ടപരിഹാര സംവിധാനം നീട്ടിയില്ലെങ്കിൽ അടുത്തവർഷം വരുമാനത്തിലെ കുറവ്‌ 12,000 കോടിയാകും. കേന്ദ്രനികുതി വിഹിതം 1.925 ശതമാനമായി കുറച്ചതിലൂടെ അടുത്തവർഷം 13,217 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. കോവിഡ്‌ പ്രതിസന്ധി തുടർന്നാൽ റവന്യുകമ്മി ഉയരും. എങ്കിൽ 45,000 കോടി രൂപയെങ്കിലും അധികമായി കണ്ടെത്തണം.

Related posts

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ​മാ​യി ക​ര​ള്‍​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ

Aswathi Kottiyoor

ഈരാറ്റുപേട്ട – വാഗമൺ റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കും; റീ ടെണ്ടര്‍ നടപടികള്‍ വേഗത്തിൽ

Aswathi Kottiyoor

ബഫർസോൺ ; സാധ്യമായതെല്ലാം വനംവകുപ്പ്‌ ചെയ്‌തു : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox