ഇരിട്ടി: വൃക്കരോഗികൾക്ക് കൈത്താങ്ങായി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തനത്തിന് ഉദാരമതികളിൽനിന്ന് അകമഴിഞ്ഞ സഹായം.
പൊതുജനങ്ങളിൽനിന്നും പണം സ്വരൂപിക്കാൻ നടത്തുന്ന ഗൂഗ്ൾ പേ ചലഞ്ചിലൂടെ ആദ്യദിനം മികച്ച പ്രതികരണമായിരുന്നു. വ്യക്തികളും സംഘടനകളും അടക്കം ചലഞ്ചിൽ പങ്കാളികളായി. നഗരസഭയും താലൂക്ക് ആശുപത്രി വികസന സമിതിയും കനിവ് കിഡ്‌നി വെൽഫെയർ സൊസൈറ്റിയും കൈകോർത്താണ് പണം സ്വരൂപിക്കുന്നത്. കണ്ണൂർ അഡീഷനൽ എസ്.പി പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, അയ്യൂബ് പൊയിലൻ, കൗൺസിലർമാരായ വി.പി. അബ്ദുൽറഷീദ്, എ.കെ. രവീന്ദ്രൻ, കെ. സോയ, കെ. ഫസീല, കെ. സുരേഷ്, എ.കെ. ഷൈജു, പി. ഫൈസൽ, എൻ.കെ. ഇന്ദുമതി, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ഇരിട്ടി ഹൈസ്‌കൂൾ 1989 എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിൽ 55000 രൂപയും ഇരിട്ടി മഹാത്മ കോളജിലെ 1990-92 ബാച്ചിലെ സഹപാഠികൾ സ്വരൂപിച്ച 50000 രൂപയും ചടങ്ങിൽ കൈമാറി.
നഗരസഭ വാർഡ് കൗൺസിലർ വി.പി. അബ്ദുൽറഷീദ് തന്റെ ഒരുമാസത്തെ ഓണറേറിയമായ 8500 രൂപ കൈമാറി. ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി ഒരുലക്ഷം രൂപയും വാഗ്ദാനം ചെയ്തു. അക്കൗണ്ട് നമ്പർ: 40789435811.