നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളി. തുടരന്വേഷണവുമായിമുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. ക്രൈബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി വിധി. അടുത്ത മാസം 15നകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കേസിലെ വിചാരണ നീട്ടി കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ചൂണ്ടിക്കാട്ടിയിരുന്നു.