അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ കനിവ് 108 ആംബുലൻസിൽ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേറ്റു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ദീപമോൾക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറി.
എല്ലാ ജില്ലകളിലും കനിവ് 108 ആംബുലൻസ് ഡ്രൈവർമാരായി വനിതകളെ നിയമിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലകളിലും ഇതിന് താത്പര്യമുള്ള വനിതകളെ ഉൾക്കൊള്ളിക്കണമെന്നാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുകയാണ്. സ്ത്രീകൾക്ക് കഴിയില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന മേഖലകളിൽ കൂടി ഇഷ്ടമുള്ള സ്ത്രീകൾക്ക് കടന്നു വരുന്നതിനുള്ള പ്രവർത്തനം ഒരുക്കുക എന്നതുകൂടിയാണ് ലക്ഷ്യം. ദീപമോൾ എല്ലാവർക്കും പ്രചോദനമാണ്. ഇത് ദീപമോളുടെ സ്വപ്നമെന്നാണ് പറഞ്ഞത്. സ്വപ്നം കാണുക, അതിനെ പിന്തുടർന്ന് ആ സ്വപ്നത്തിൽ എത്തിച്ചേരുക എന്നത് വളരെ പ്രധാനമാണ്. ആ രീതിയിൽ സമർപ്പിതമായി അതിനുവേണ്ടി പ്രയത്നിച്ച ദീപമോൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
വലിയൊരു സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് ദീപമോൾ താക്കോൽ ഏറ്റുവാങ്ങിയത്. തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പ്രയത്നിച്ച മന്ത്രിയോടും മറ്റെല്ലാവരോടും ദീപമോൾ നന്ദി പറഞ്ഞു.
കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, ജനറൽ മാനേജർ ഡോ. ജോയ്, ജി.വി.കെ. ഇ.എം.ആർ.ഐ. സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം എന്നിവർ പങ്കെടുത്തു.