31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പുലർച്ചെ 1.40: ആളിക്കത്തി തീ, പൊട്ടിത്തെറി; വിളികേട്ടു പുറത്തിറങ്ങിയത് നിഹുൽ മാത്രം
Kerala

പുലർച്ചെ 1.40: ആളിക്കത്തി തീ, പൊട്ടിത്തെറി; വിളികേട്ടു പുറത്തിറങ്ങിയത് നിഹുൽ മാത്രം


തിരുവനന്തപുരം∙ വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിനു സമീപത്തെ വീട്ടിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ആദ്യം കണ്ടത് അയൽവാസി കെ.ശശാങ്കൻ. കാർപോർച്ചിൽ തീ ആളിക്കത്തുന്നത് കണ്ട ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്കു തീ പടർന്നുപിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തി.വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (25), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 1.40 ആയപ്പോൾ തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദവും കേട്ട് ശശാങ്കന്റെ മകൾ വീട്ടുകാരെ ഫോണിൽ വിളിച്ചിരുന്നു. നിഹുൽ ഫോൺ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്കു വന്നില്ല. കുറച്ചു സമയത്തിനുശേഷം നിഹുൽ പുറത്തേക്കു വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല.

വീടിന്റെ ഗേറ്റ് ഉള്ളിൽനിന്നു പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്കു പ്രവേശിക്കാനായില്ല. വളർത്തുനായ ഉള്ളതും രക്ഷാ പ്രവർത്തനം വൈകിപ്പിച്ചു. ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടെയും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പൊളളലേറ്റ നിഹുലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഫയർഫോഴ്സും പൊലീസും എത്തി പരിശോധന നടത്തിയപ്പോൾ വീടിന്റെ മുകൾനിലയിലെ ശുചിമുറിയിൽ കിടക്കുന്ന രീതിയിലായിരുന്നു നിഹുലിന്റെ ഭാര്യ അഭിരാമിയും കുട്ടിയും.

വർക്കല പുത്തൻചന്തയിലെ പച്ചക്കറി മൊത്തവ്യാപാരിയായ പ്രതാപനു മൂന്ന് ആൺമക്കളാണ്. മൂത്തമകൻ അഖിൽ വിദേശത്താണ്. മൂത്ത മകനും കുടുംബവും എത്തിയശേഷമാകും സംസ്കാര ചടങ്ങുകൾ. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എല്ലാ മുറികളിലും എസി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ​ചികിത്സയിലുള്ള നിഹിലിൽനിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നു നാട്ടുകാർ പറയുന്നു.

Related posts

ഭ​ക്ഷ്യക്കി​റ്റ്: ഒരു വർഷത്തെ ചെ​ല​വ് 4,198.29 കോ​ടി

Aswathi Kottiyoor

കോവിഡ്: വിദേശത്തുനിന്ന് മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നതായി പഠന റിപ്പോർട്ട്

Aswathi Kottiyoor

ഒറ്റ വോട്ടർ പട്ടിക ; തടസ്സങ്ങളേറെ, നിയമപ്രശ്‌നങ്ങളും

Aswathi Kottiyoor
WordPress Image Lightbox