*കേളകം: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഫലമായി യുക്രൈനിൽ കുടുങ്ങിപ്പോയ കേളകം സ്വദേശികളായ വിദ്യാർത്ഥികളുടെ വീടുകൾ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികൾ സന്ദർശിച്ചു. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി മുതൽ യുക്രൈനിലെ സുമിയിൽ കുടുങ്ങിപോയ കേളകം സ്വദേശികളായ പനച്ചിയിൽ ബെന്നിയുടെ മകൾ നിഖിത, വലിയപറമ്പിൽ ലിഡ്വിയ, നെടുങ്കല്ലേൽ തെരേസ എന്നീ വിദ്യാർത്ഥികളുടെ വീടുകളാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സന്ദർശിച്ചത്. സുമി സ്റ്റേറ്റ് സർവകലാശാലയിലെ അഞ്ചാംവർഷ എംബിബിഎസ് വിദ്യാർത്ഥിനികളാണ് ഇവർ. സര്‍വ്വകലാശാല ഹോസ്റ്റലിലും ബങ്കറുകളിലുമായി കഴിയുന്ന ഇവർ ഇന്ത്യൻ എംബസിയുടെ അറിയിപ്പുകൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് മാതാപിതാക്കൾ പറഞ്ഞു. നാട്ടിലേക്കെത്താനുള്ള രണ്ടാംഘട്ട സാധ്യത ഇന്ന് മങ്ങിയിരുന്നു. മക്കൾ എത്രയും പെട്ടെന്ന് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. ദുഃഖാര്‍ത്ഥരായ മാതാപിതാക്കളെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആശ്വസിപ്പിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.*