തൊഴിലിടങ്ങള്‍ കൂടുതല്‍ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികള്‍ തൊഴില്‍വകുപ്പ് നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കേരളത്തിലെ സ്ത്രീ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍, വിവേചനം, തൊഴിലാളികള്‍ക്കുളള ഇരിപ്പിട സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കല്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ തൊഴില്‍ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികള്‍ക്ക് മാത്രമായി ഒരു കോള്‍ സെന്റര്‍ സംവിധാനം സംസ്ഥാന തൊഴില്‍ വകുപ്പ് ‘സഹജ’ എന്ന പേരില്‍ സജ്ജീകരിക്കും.
സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലെ ഏത് പ്രശ്നവും വനിത കോള്‍ സെന്റര്‍ എക്സിക്യുട്ടീവിനെ രാവില 10 മുതല്‍ വൈകീട്ട് 5 മണി വരെയുള്ള സമയത്ത് നേരിട്ട് വിളിച്ച് അറിയിക്കാം. 180042555215 ആണ് ടോള്‍ ഫ്രീ നമ്പര്‍. ഈ നമ്പറിലേക്ക് വിളിച്ചാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കോള്‍ സെന്റര്‍ എക്സിക്യൂട്ടീവ് നല്‍കുന്നതോടൊപ്പം പരാതി ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്യും. അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ മെസേജായി പരാതി നല്‍കിയ തൊഴിലാളിക്ക് ലഭിക്കുകയും ചെയ്യും. തൊഴിലാളി ആഗ്രഹിക്കുന്നെങ്കില്‍ അവരുടെ ഐഡന്റിറ്റി വെളിവാക്കാതെ ഈ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേന നടപ്പിലാക്കുന്നുണ്ട്.
തൊഴില്‍ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലെ പരാതി ശ്രദ്ധയിപ്പെട്ടാല്‍, അതിനാവശ്യമായിട്ടുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതിനുള്ള സംവിധാനവും തൊഴില്‍ വകുപ്പ് ഒരുക്കും. ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിന് ക്യാമ്പയിനുകളും സ്പെഷ്യല്‍ ഡ്രൈവുകളും നടത്തും. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ക്യാംപെയിനില്‍ പുതിയ രജിസ്ട്രേഷന്‍ കൂടാതെ നിലവിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക മെമ്പര്‍ ഷിപ്പ് തുക ഗഡുക്കളായി ഒടുക്കുന്നതിനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ രംഗത്തെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഏജന്‍സികളെ ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുന്നതും തൊഴിലാളി/ തൊഴിലുടമ ബന്ധം നിര്‍ബന്ധമായും കരാറിന്റെ പരിധിയില്‍ കൊണ്ടുവരുന്നതുമടക്കമുള്ള നടപടികള്‍ ഉടനെ തന്നെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച ഒരു പ്രധാന നടപടിയായിരുന്നു തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടങ്ങള്‍ ഉറപ്പാക്കുക എന്നത്. 2018-ലെ KS&CEനിയമ ഭേദഗതി ഓര്‍ഡിനന്‍സ് വകുപ്പ് 21 (ബി) പ്രകാരം തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്ത് ഇരിക്കുന്നതിനുളള ഇരിപ്പിട സൗകര്യം തൊഴിലുടമ ഏര്‍പ്പെടുത്തി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. ഇത് സംബന്ധിച്ച ഒരു ക്യാമ്പയിനും തുടക്കമിടും.