24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിൽ 214 ജീവികൾ മരണവക്കിൽ ; തത്തയും തൂക്കണാംകുരുവിയും പട്ടികയിൽ
Kerala

കേരളത്തിൽ 214 ജീവികൾ മരണവക്കിൽ ; തത്തയും തൂക്കണാംകുരുവിയും പട്ടികയിൽ

തത്തയും തൂക്കണാം കുരുവിയും മിസ് കേരളയും പെരുമ്പാമ്പുമുൾപ്പെടെ കേരളത്തിൽ 214 ജീവികൾ ഗുരുതര വംശനാശ ഭീഷണിയിൽ. സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ കോഴിക്കോട്‌ പ്രാദേശിക കേന്ദ്രത്തിന്റേതാണ് കണ്ടെത്തൽ. ജീവികളുടെ നിലനിൽപ്പും വംശനാശ ഭീഷണിയും അടിസ്ഥാനമാക്കി സംസ്ഥാനത്ത്‌ ആദ്യമായി നടത്തിയ പഠനമാണിത്‌. ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്‌ ബോർഡിന്‌ കൈമാറി.
31 ഇനം സസ്‌തനികൾ, 20 ഇനം പക്ഷികൾ, 54 ഇനം ഉരഗ വർഗങ്ങൾ, 54 തവളകൾ, 35 ശുദ്ധജല മത്സ്യങ്ങൾ, 49 ചിത്രശലഭങ്ങൾ, 38 തുമ്പികൾ, 15 ശുദ്ധജല ഞണ്ടുകൾ, നാലിനം കടുവാ ചിലന്തികൾ, മൂന്നിനം ശുദ്ധജല കക്ക വർഗങ്ങൾ എന്നിവയാണ്‌ വംശനാശ ഭീഷണി നേരിടുന്നത്‌. അതിഗുരുതര ഭീഷണി നേരിടുന്നവയെ ജൈവ വൈവിധ്യ നിയമം അടിസ്ഥാനപ്പെടുത്തി സംരക്ഷിക്കാൻ ശുപാർശ ചെയ്‌തു.
നീർനായ, ഈനാംപേച്ചി, കുട്ടിതേവാങ്ക്‌, വിവിധ വെരുകുകൾ, വെള്ളിമൂങ്ങ, തത്ത, തൂക്കണാം കുരുവി, നക്ഷത്ര ആമകൾ, പെരുമ്പാമ്പ്‌, ഉടുമ്പ്‌, ഇരുതലമൂരി, കൂരി, വരാല്‍ എന്നിവയാണ്‌ വേട്ടയാടലും വന്യജീവി കച്ചവടത്താലും ​ഗുരുതര ഭീഷണിയിലുള്ളത്. അലങ്കാര മത്സര വിപണിയിലെ ആവശ്യംമൂലം ചെങ്കണിയാൻ (മിസ്‌ കേരള) മത്സ്യവർഗവും വംശനാശത്തിന്റെ വക്കിലാണ്‌.

ആവാസ വ്യവസ്ഥയിലെ മനുഷ്യന്റെ കടന്നുകയറ്റം, അനിയന്ത്രിതമായ വികസന പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വേട്ടയാടൽ, വന്യ ജീവി കള്ളക്കടത്ത്‌ എന്നിവയാണ്‌ ജീവികളുടെ വംശനാശ ഭീഷണിയ്‌ക്ക്‌ കാരണമാകുന്നതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഡോ. പി എം സുരേശൻ(റിട്ട. ജോയിന്റ്‌ ഡയറക്ടർ ആൻഡ്‌ ഓഫീസർ ഇൻ ചാർജ്‌, സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ), ഇസഡ്‌എസ്‌ഐ ചെന്നൈ കേന്ദ്രത്തിലെ ഡോ. സുബ്രഹ്മണ്യൻ, പുണെ കേന്ദ്രത്തിലെ ഡോ. ജാഫർ പാലോട്ട്‌ എന്നിവരാണ്‌ പഠനത്തിന്‌ നേതൃത്വം നൽകിയത്‌.ആഗോള തലത്തിൽ വംശനാശഭീഷണി നേരിടാത്ത ജീവികൾക്ക് പ്രാദേശികമായി പ്രശ്‌നങ്ങൾ നേരിട്ടേക്കാമെന്നും പ്രാദേശികതല പഠനം നടത്തിയാലേ അവയുടെ തുടർ സംരക്ഷണത്തിനുള്ള നടപടികളെടുക്കാനാവൂ എന്നും ഡോ. പി എം സുരേശൻ പറഞ്ഞു.

Related posts

ഇന്ത്യ 2022 ; ന്യൂനപക്ഷങ്ങളുടെ ജീവിതം രാജ്യത്ത് കൂടുതല്‍ ദുസ്സഹമായ വര്‍ഷം

Aswathi Kottiyoor

സ്ത്രീപക്ഷ നവകേരളത്തിൽ യുവതീ ഓക്സിലറി ഗ്രൂപ്പുകൾ സജീവപങ്കാളികളാവും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

അഞ്ച് ലൈബ്രറികൾക്ക്‌ ആറരലക്ഷം

Aswathi Kottiyoor
WordPress Image Lightbox