ഉക്രയ്‌നിൽനിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ത്യൻ എംബസികൾ. മലയാളികള്‍ അടക്കം ആയിരത്തിലേറെ ഇന്ത്യക്കാര്‍ യുദ്ധഭൂമയില്‍ കുടുങ്ങിക്കിടക്കവെയാണ് കേന്ദ്രതീരുമാനം. റഷ്യൻ അതിർത്തിയോട് ചേർന്നുള്ള ഉക്രയ്‌നിലെ സുമിയിൽ രക്ഷാദൗത്യം അനിശ്ചിതത്വത്തിലായതോടെ 707 ഇന്ത്യക്കാർ യുദ്ധമുഖത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരില്‍ ഭൂരിഭാഗവും വിദ്യാർഥികളാണ്. ഖാർകിവിൽനിന്നും പിസോച്ചിനിൽനിന്നും ഇന്ത്യക്കാരെ മിക്കവാറും പൂർണമായി ഒഴിപ്പിച്ചെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു. ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിൽ എത്തിയതായും ഉക്രയ്‌നിൽ ഇപ്പോഴും തങ്ങുന്ന ഇന്ത്യക്കാർ ഞായർ രാത്രിയോടെ ബുഡാപെസ്റ്റിൽ എത്തണമെന്നും ഹംഗറിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്‌തു. ഉക്രയ്‌നിലുള്ള ഇന്ത്യക്കാർക്ക് പൂരിപ്പിക്കുന്നതിനായി പ്രത്യേക ഗൂഗിൾ ഫോം ഹംഗറിയിലെയും ഉക്രയ്‌നിലെയും ഇന്ത്യൻ എംബസികൾ ട്വിറ്ററിൽ പങ്കുവച്ചു. ഉടൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം.
സുമിയില്‍ ഇന്ത്യന്‍ സഹായം കിട്ടാത്ത മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ രണ്ടും കൽപ്പിച്ച് അതിര്‍ത്തിയിലേക്ക് നടക്കാൻ തീരുമാനിച്ചെന്ന് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. 50 കിലോമീറ്ററിൽ താഴെമാത്രം ദൂരമുള്ള റഷ്യൻ അതിർത്തിയിലേക്ക് ഇവരെ എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.