23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എന്തേ സ്ത്രീകളിൽ മറവിരോഗം കൂടുന്നു; ഉത്തരവുമായി മലയാളി ഗവേഷക.
Kerala

എന്തേ സ്ത്രീകളിൽ മറവിരോഗം കൂടുന്നു; ഉത്തരവുമായി മലയാളി ഗവേഷക.

ലോകത്ത് നാലുകോടി പേരെ ബാധിക്കുന്ന മറവിരോഗമാണ് അൽഷിമേഴ്‌സ്. ഇനിയും ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഈ മസ്തിഷ്‌ക്ക അപചയ രോഗം, പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് നേരത്തെ പിടികൂടുക. ഇക്കാര്യം മുമ്പുതന്നെ അറിയാമെങ്കിലും, ഈ വ്യത്യാസം എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ്, സിങ്കപ്പൂരിൽ നന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ സീനിയർ സയന്റിസ്റ്റും പാലക്കാട് സ്വദേശിയുമായ ഡോ.ഷീജ നവക്കോടും സംഘവും നടത്തിയ പഠനത്തിന്റെ പ്രാധാന്യം. അൽഷിമേഴ്‌സ് രോഗം സ്ത്രീകളിൽ നേരത്തെ വരുന്നതിന്റെ കാരണം കോശതലത്തിൽ തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകർ.

നന്യാങ് യൂണിവേഴ്‌സിറ്റി, സിങ്കപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. അൽഷിമേഴ്‌സിലെ ആൺ-പെൺ വ്യസ്ത്യാസം പരിശോധിക്കാൻ പാകത്തിൽ ജനിതകമാറ്റം വരുത്തിയ എലികളെ ഉപയോഗിച്ചായിരുന്നു പഠനം. ഡോ.ഷീജ പ്രഥമരചയിതാവായ പഠനറിപ്പോർട്ട് ‘ഏജിങ് സെൽ’ (Aging Cell) ജേർണലിൽ പ്രസിദ്ധീകരിച്ചു.

തലച്ചോറിൽ കോടിക്കണക്കിന് സിരാകോശങ്ങൾ (ന്യൂറോണുകൾ) ഉണ്ട്. സാധാരണ കോശങ്ങളിൽ നിന്ന് വ്യത്യസ്തമായി നീണ്ട ആകൃതിയാണ് ഇവയ്ക്ക്. ചരടുപോലെ നീണ്ട ഭാഗം ‘ആക്‌സണും’ (axon), ഒരറ്റത്ത് ശാഖകൾ പോലെ ഇഴപിരിഞ്ഞവ ‘ഡെൻഡ്രൈറ്റുകളും’ (dendrites) ആണ്. ഓരോ സിരാകോശത്തിന്റെ അഗ്രത്തിലും ഏതാണ്ട് നാലുലക്ഷത്തോളം ഡെൻഡ്രൈറ്റുകൾ ഉണ്ടാകും. ഡെൻഡ്രൈറ്റുകൾ വഴി ഓരോ സിരാകോശവും ആയിരക്കണക്കിന് മറ്റ് സിരാകോശങ്ങളുമായി കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു.

കോശങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുക ഡെൻഡ്രൈറ്റുകളും, കോശങ്ങളിൽ നിന്നുള്ള വിവരങ്ങൾ വഹിക്കുക ആക്‌സണുകളും ആണ്. ഒരു സിരാകോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് വിവരങ്ങൾ സഞ്ചരിക്കുന്നത് ‘സിനാപ്‌സുകൾ’ (synapses) വഴിയും. സിരാകോശങ്ങൾക്കിടയിലെ ചെറുവിടവുകളാണ് സിനാപ്‌സുകൾ. ഓർമകളുടെ രൂപീകരണം സിനാപ്‌സുകളുമായി ബന്ധപ്പെട്ടാണ് സംഭവിക്കുക.തലച്ചോറിലെ സിനാപ്‌സുകളിലേക്ക് എത്തുന്ന വിവരങ്ങൾ (ഇൻഫർമേഷൻ) ആണ് ഹൃസ്വകാല, ദീർഘകാല ഓർമകളായി മാറുക. സിനാപ്‌സുകളിലുണ്ടാകുന്ന വൈദ്യുത, രാസ സംവേദങ്ങൾ ‘എൽ.ടി.പി’ (long-term potentiation, LTP) എന്ന പ്രതിഭാസത്തിന് കാരണമാകുന്നു. സിനാപ്‌സുകളിൽ എൽ.ടി.പി. എത്രകാലം നിലനിൽക്കുന്നുവോ, അത്രയും കാലം അവിടെ രേഖപ്പെടുത്തിയ ഓർമകളും നിലനിൽക്കും.

സിനാപ്‌സുകളിൽ എത്തുന്ന വിവരങ്ങളുടെ തീവ്രത അനുസരിച്ചാകും, വിവിധ തരം എൽ.ടി.പി.കൾ രൂപപ്പെടുക. ഒരു പുസ്തകം വായിക്കുമ്പോഴത്തേതിനെ അപേക്ഷിച്ച് പതിന്മടങ്ങ് തീവ്രതയുള്ളതാകും, ഒരു അപകടം നേരിൽ കാണുമ്പോൾ സൃഷ്ടിക്കപ്പെടുന്ന എൽ.ടി.പി.കൾ. വ്യത്യസ്തങ്ങളായ ഓർമകൾ സംഭരിച്ച് സൂക്ഷിക്കാൻ തലച്ചോറിനെ ഈ പ്രത്യേകത സഹായിക്കുന്നു.പ്രായമേറുമ്പോഴും, അൽഷിമേഴ്‌സ് പോലുള്ള അവസ്ഥകളിൽ പെടുമ്പോഴും സിനാപ്‌സുകൾ ക്രമേണ നശിക്കാൻ തുടങ്ങും. അതിനനുസരിച്ച്, ആ സിനാപ്‌സുകളിൽ രൂപപ്പെട്ട എൽ.ടി.പി.കളും നഷ്ടമാകും. ആളുകളെ ഇത് മറവിയിലേക്ക് ഇത് തള്ളിവിടും.

ഡോ.ഷീജയും സംഘവും നടത്തിയ പരീക്ഷണങ്ങളിൽ, ആണെലികളെ അപേക്ഷിച്ച് പെണ്ണെലികൾക്ക് ഓർമശക്തി വേഗത്തിൽ ക്ഷയിക്കുന്നതായി കണ്ടു. വ്യത്യസ്ത ഓർമകൾ രൂപപ്പെടാൻ സഹായിക്കുന്ന വൈദ്യുതസ്പന്ദനങ്ങൾ കടത്തിവിട്ട് സിനാപ്‌സുകളിൽ സൃഷ്ടിച്ച എൽ.ടി.പി.കൾ പെണ്ണെലികളിൽ വേഗം ഇല്ലാതാകുന്നു. ആണെലികളെ അപേക്ഷിച്ച് പെണ്ണെലികളിൽ, സമയബന്ധിതമായി ഓർമ്മകൾ വീണ്ടെടുക്കാനുള്ള ശേഷിയും കുറവാണ്. മാത്രമല്ല, സിരാകോശങ്ങളിൽ മറ്റ് രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന പ്രതിരോധ കോശങ്ങളും പെണ്ണെലികളിൽ കുറവാണെന്ന് പഠനത്തിൽ കണ്ടു.

മസ്തിഷ്‌ക്കത്തിലെ വൈദ്യുത-രാസ-പ്രതിരോധ സംവിധാനത്തിന് സംഭവിക്കുന്ന ഈ അപചയം, സ്ത്രീകളിൽ അൽഷിമേഴ്‌സ് രോഗ സാധ്യത വർധിപ്പിക്കുക മാത്രമല്ല, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ ഈ മറവിരോഗം നേരത്തെ പിടികൂടാനും വഴിയൊരുക്കുന്നു.

‘രോഗപുരോഗതിക്ക് ആൺ-പെൺ വ്യത്യാസം എങ്ങനെ കാരണമാകുന്നു എന്നുള്ള അറിവ്, അൽഷിമേഴ്‌സിനെ സമഗ്രമായി മനസിലാക്കാനും, അതുപ്രകാരം പുതിയ ചികിത്സകൾ വികസിപ്പിക്കാനും സഹായിക്കും’, ഡോ.ഷീജ പറഞ്ഞു. ‘സ്ത്രീകളിലും പുരുഷന്മാരിലും രോഗപുരോഗതിയിൽ വ്യത്യാസമുണ്ട് എന്നു പറഞ്ഞാൽ, ബയോമെഡിക്കൽ പഠനങ്ങളിൽ ലിംഗഭേദം ഒരു വേരിയബിൾ ആയി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ആണ് അത് എടുത്തുകാട്ടുന്നത്. പുതിയ പഠനം അതാണ് പറയുന്നത്’, അവർ അഭിപ്രായപ്പെട്ടു.പാലക്കാട് ചിതലി നവക്കോട് വീട്ടിൽ എൻ.വി.ഗംഗാധരന്റെയും ദ്രൗപതി പുഷ്പത്തിന്റെയും മകളാണ് ഷീജ. കൊച്ചി സർവ്വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഷീജ, ജർമനിയിൽ മാഗ്‌ഡെബർഗിലെ ഓട്ടോ വോൻ ഗോരിക്കെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ജർമനിയിൽ തന്നെ, ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ബ്രൗൺസ്വിജിൽ ന്യൂറോസയൻസ് ഗ്രൂപ്പ് ലീഡറായി പ്രവർത്തിച്ച അവർ, പിന്നീട് സിങ്കപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ ന്യൂറോസയന്റിസ്റ്റായി ചേർന്നു.

പുതിയ പഠനത്തിന്റെ കോഓർഡിനേറ്ററും സിങ്കപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.സജികുമാർ ശ്രീധരൻ ആണ് ഡോ.ഷീജയുടെ ഭർത്താവ്. ഓർമയെ തന്മാത്രാതലത്തിൽ മനസിലാക്കാൻ രണ്ടു പതിറ്റാണ്ടായി പഠനരംഗത്തുള്ള ഡോ.സജികുമാർ, ആലപ്പുഴയിൽ ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ്.

Related posts

മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു, അ​ശ്ര​ദ്ധ മൂ​ലം സം​ഭ​വി​ച്ച​താ​കാം: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

71,000 യുവാക്കള്‍ കൂടി സർക്കാർ സർവീസിലേക്ക്; നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

Aswathi Kottiyoor

കരുതൽ: ജനകീയ ശുചീകരണപരിപാടി വിജയിപ്പിക്കണം- മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox