21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെ.എസ്.ഇ.ബി യുടെ 65 ാം വാർഷികം; നിരത്തിലിറങ്ങുന്നത് 65 ഇ-വാഹനങ്ങൾ
Kerala

കെ.എസ്.ഇ.ബി യുടെ 65 ാം വാർഷികം; നിരത്തിലിറങ്ങുന്നത് 65 ഇ-വാഹനങ്ങൾ

കെ.എസ്.ഇ.ബി യുടെ 65 ാം വാർഷികത്തിന്റെ ഭാഗമായി 65 ഇ വാഹനങ്ങൾ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോർജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. കെ.എസ് .ഇ .ബി സ്ഥാപക ദിനമായ മാർച്ച് 7 ന് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽ നടക്കുന്ന എർത്ത് ഡ്രൈവ് പരിപാടിയിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ഗതാഗത മന്ത്രി ആൻറണി രാജു എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് നിർവഹിക്കുമെന്ന് കെ. എസ്. ഇ. ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബി. അശോക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫ്ളാഗ് ഓഫിന് ശേഷം വൈദ്യുതി വാഹങ്ങൾ നഗരത്തിലെ പ്രധാന നിരത്തുകളിലൂടെ സഞ്ചരിച്ച് 2 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തും. ഇവിടെ വാഹനങ്ങളുടെ ഡിസ്പ്‌ളേ നടക്കും.
രാവിലെ 11 ന് കനകക്കുന്നിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആൻറണി രാജു മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷനാകും. കെ.എസ്.ഇ.ബിയുടെ ഹരിതോർജ്ജ മുന്നേറ്റങ്ങളുടെ റിപ്പോർട്ട് ഡയറക്ടർ ആർ. സുകു അവതരിപ്പിക്കും. വൈദ്യുതി വാഹനങ്ങളുടെ താക്കോൽ അദ്ദേഹം ഏറ്റുവാങ്ങും. ശശി തരൂർ എം. പി, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സംസാരിക്കും.
ഹരിതോർജ്ജ ഉത്്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കാനായി കെ.എസ്.ഇ.ബി നടത്തുന്ന മുന്നേറ്റങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് ചെയർമാൻ പറഞ്ഞു. സൗരോർജ്ജത്തിന് പ്രാധാന്യം നൽകുന്ന ‘സൗര ‘ പദ്ധതി ഇതിൽ പ്രധാനമാണ്. 40 ശതമാനം സബ്സിഡിയോടെ പുരപ്പുറങ്ങളിൽ സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ 21 മെഗാവാട്ട് സൗരോർജ്ജ ഉദ്പാദന ശേഷി നേടാൻ കഴിഞ്ഞു. ജൂൺ മാസത്തോടെ 115 മെഗാവാട്ട് ഉദ്പാദന ശേഷിയാണ് ലക്ഷ്യം വെയ്ക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി പിന്തുടരുന്നതിനായി ekiran.kseb.in എന്ന വെബ് പോർട്ടൽ സജ്ജമാണ്.
സംസ്ഥാന സർക്കാരിന്റെ ഇ – വെഹിക്കിൾ പോളിസിയുടെ ഭാഗമായി കെ. എസ്. ഇ. ബി സംസ്ഥാനത്തുടനീളം 1212 ചാർജ്ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. 62 കാർ ചാർജിങ് സ്റ്റേഷനുകളും 1150, ടു വീലർ/ ത്രീ വീലർ ചാർജിങ് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. 11 ഫാസ്റ്റ് ചാർജ്ജിങ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായി. മാർച്ച് അവസാന വാരത്തോടെ 51 സ്റ്റേഷനുകൾ കൂടി നിർമാണം പൂർത്തിയാക്കും.
പ്രകൃതിസൗഹൃദമായ ഊർജ്ജോത്പാദനം ലക്ഷ്യമിട്ട് കാറ്റിൽ നിന്ന് 100 മെഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കാനും കെ.എസ്.ഇ.ബി പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി 700 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബിയ്ക്ക് കീഴിൽ എട്ട് ജലാശയങ്ങളിലും വാട്ടർ അതോറിറ്റിക്ക് കീഴിൽ രണ്ട് ജലാശയങ്ങളിലും ആകെ 100 മെഗാവാട്ട് ശേഷിയുള്ള ഫ്ളോട്ടിങ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഉടൻ യാഥാർഥ്യമാകും.
കെ.എസ്.ഇ.ബി വാർഷികാഘോഷങ്ങളുടെ ഭാഗമായി മാർച്ച് 7 മുതൽ 31 വരെ വിവിധ പരിപാടികൾ നടക്കും. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് 2021 ൽ പ്രസിദ്ധീകരിച്ച മികച്ച മാധ്യമ റിപ്പോർട്ട്, മികച്ച വാർത്താ ചിത്രം, എഡിറ്റ് പേജ് ലേഖനം, ടെലിവിഷൻ റിപ്പോർട്ട് എന്നിവയ്ക്ക് അവാർഡുകൾ നൽകും. കൂടാതെ കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് ഒരു കാർട്ടൂൺ ക്യാമ്പും സംഘടിപ്പിക്കും. കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർത്ഥികൾക്കും ഊർജ്ജ സെമിനാർ നടത്തും. കൂടാതെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

Related posts

ചേംബർ അവാർഡുകൾ വിതരണം ചെയ്തു

Aswathi Kottiyoor

തലശ്ശേരി ഹരിദാസന്‍ വധക്കേസ്; ബിജെപി മണ്ഡലം പ്രസിഡന്‍റ് ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor

വി​ഷു​ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​തി​ച്ചു​ക​യ​റി.

Aswathi Kottiyoor
WordPress Image Lightbox