വിദേശത്ത് നിന്ന് പഠിച്ചിറങ്ങിയ എംബിബിഎസ് ഡോക്ടര്‍മാരെ കേരളത്തില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതായി പരാതി. ജൂണിയര്‍ ഡോക്ടര്‍മാരുടെ ഒഴിവുമായി ബന്ധപ്പെട്ട് എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിവാദമായ പരാമര്‍ശമുള്ളത്. ഇന്ത്യയിലെ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് അവസരം എന്നാണ് പത്രക്കുറിപ്പിലുള്ളത്.
ഇതുമൂലം വിദേശത്തുനിന്ന് പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ ഭാവി ആശങ്കയിലായി. ഒരു ഗവണ്മെന്റ് മെഡിക്കല്‍ കോളജ് തന്നെ ഇത്തരം പ്രവര്‍ത്തി കാണിച്ചാല്‍ നാളെ സ്വകാര്യ ആശുപത്രികളും ഇത് പിന്തുടരുമെന്നും ലക്ഷങ്ങള്‍ മുടക്കി പഠിച്ച തങ്ങള്‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വിദേശത്ത് പഠിച്ചശേഷം ഇന്ത്യയിലെ നിയമപ്രകാരം തുല്യതപരീക്ഷ പാസായാല്‍ ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാമെന്നിരിക്കെയാണ് മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രവര്‍ത്തി. അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും പ്രന്‍സിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇത് തിരുത്തുവാനോ പുതിയ പത്രക്കുറിപ്പിറക്കുവാനോ ഇവര്‍ തയാറായില്ലെന്ന് ഓള് കേരള ഫോറിന് മെഡിക്കന്‍ അസോസിയേഷന് പറഞ്ഞു.
കോവിഡ് കാലത്ത് എല്ലാ ജനറല്‍ ആശുപത്രികളിലും വിദേശത്തുനിന്ന് പഠിച്ചിറങ്ങിയ ഡോക്ടര്‍മാരായിരുന്നു സേവനം ചെയ്തിരുന്നത്. മുന്‍നിരയില്‍ നിന്നുകൊണ്ട് തന്നെ കോവിഡിനെതിരേ പോരാടിയവരെയാണ് ഇന്ന് ജോലിക്ക് വേണ്ടി സമീപിക്കുമ്പോള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നത്. വിദേശത്തുനിന്ന് പഠിച്ചു കേരളത്തില്‍ വരുന്ന ഡോക്ടര്‍മാര്‍ രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിച്ചുള്ള പരീക്ഷകളും പാസാകുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ ഡോക്ടര്‍മാര്‍ അവഗണനയാണ് നേരിടുന്നത്.
ഡോക്ടര്‍മാര്‍ക്ക് ക്ഷാമമുള്ള ഈ സമയത്ത് പോലും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകേണ്ട അവസ്ഥയാണ്. വിദേശത്ത് പഠിച്ച ഡോക്ടര്‍മാരോട് കാണിക്കുന്ന ഈ പക്ഷഭേദം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും തെറ്റായ നടപടി തീരുത്താതെ പ്രവേശനപരീക്ഷ നടത്തിയ മെഡിക്കല്‍ കോളജിനെതിരെ പരാതി നല്‍കുമെന്നും ഓള് കേരള ഫോറിന് മെഡിക്കന്‍ അസോസിയേഷന് പറഞ്ഞു.