യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയും യൂറോപ്യൻ രാജ്യങ്ങളും പരസ്പരം വ്യോമപാത അടച്ചത് ഇന്ത്യൻ വിമാനങ്ങളുടെ യാത്രയെയും ബാധിക്കും. യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റഷ്യൻ വ്യോമപാത ഒഴിവാക്കി പറക്കുമ്പോൾ യാത്രാ സമയം വർധിക്കും. അധികദൂരത്തിന് ആനുപാതികമായി ഇന്ധന ഉപയോഗവും കൂടും. വിമാന നിരക്ക് ഉയരാൻ ഇതു വഴിവയ്ക്കും. ചരക്കു വിമാനങ്ങൾക്കും അധിക ചെലവു വരും. റഷ്യൻ വ്യോമപാത ഒഴിവാക്കുന്നതിനാൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ യാത്രാ സമയം ഉയരുമെന്നു വെർജിൻ അറ്റ്ലാന്റിക് വക്താവ് അറിയിച്ചു.
ഓപ്പറേഷൻ ഗംഗ: വിലയിരുത്തി മോദി
യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ പുരോഗതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഹർകീവിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി എസ്.ജി.നവീന്റെ അച്ഛനെ ഫോണിൽ വിളിച്ച മോദി അനുശോചനം അറിയിച്ചു.