സംസ്ഥാനത്തെ ചരക്ക് സേവന നികുതി ഭരണ സംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണിക്ക് നികുതി വകുപ്പ് രൂപം നൽകി. ഏപ്രിലിൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് മാറ്റം. മൂല്യവർധിത നികുതി സംവിധാനത്തിൽ ഓഡിറ്റിന് മുഖ്യപ്രധാന്യം നിശ്ചയിച്ചിരുന്നുവെങ്കിലും പ്രായോഗികമായിരുന്നില്ല.
നികുതിദായകൻ നൽകുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ കട, വാഹന പരിശോധന നടത്തുന്ന ജിഎസ്‌ടി വകുപ്പ് ഓഡിറ്റിന് ഇനി നിർമിതബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കും. 450 ഉദ്യോഗസ്ഥർകൂടി അസിസ്‌റ്റന്റ് സെയിൽസ് ടാക്‌സ് ഓഫീസർ ചുമതലയിലേക്കുവരും. നിലവിൽ 900 പേരുണ്ട്. 150 ഓഡിറ്റ് സംഘങ്ങൾ രൂപീകരിക്കും. ജിഎസ്‌ടി സർക്കിൾ ഓഫീസുകൾ ടാക്‌സ് പേയർ യൂണിറ്റുകളാകും. വ്യാപാരി രജിസ്‌ട്രേഷൻ, നികുതി നിർണയ സമർപ്പണം, അവയുടെ അടിസ്ഥാന പരിശോധന, റീഫണ്ട്, തർക്ക വിഷയങ്ങളിലെ അന്തിമതീർപ്പ് തുടങ്ങിയവ കേന്ദ്രീകൃത സംവിധാനത്തിലാകും.
നികുതി വരവ് കാര്യക്ഷമമാകും
നാൽപ്പത് ശതമാനംവരെ നികുതി വരുമാന വളർച്ചയ്‌ക്ക് സാധ്യതയുള്ള സംസ്ഥാനത്തിന്റെ ശരാശരി പത്തുശതമാനമാണ്. പുനഃസംഘടന ഇതിൽ മാറ്റം വരുത്തും. നികുതി അടയ്‌ക്കാത്ത വ്യാപാരികളുടെ റിട്ടേൺ പരിശോധനയ്‌ക്കും ശരിയായി നികുതി നിർണയത്തിനും ശാസ്‌ത്രീയ സംവിധാനം ഉറപ്പാകും. ജിഎസ്‌ടിഎന്നിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ സൃഷ്ടിക്കുന്ന റെഡ് ഫ്‌ളാഗ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സംസ്ഥാനതലത്തിലും റിപ്പോർട്ട് തയ്യാറാക്കും.