മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർക്ക് പണം നൽകിയെന്നും അഴിമതിയുണ്ടെന്നും പരാതിക്കാർക്കുപോലും പരാതിയില്ല്ലല്ലോയെന്ന് ലോകായുക്ത. മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ, എൻസിപി നേതാവ് ഉഴവൂർ വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ കുടുംബത്തിന് സഹായധനം നൽകിയതിനെതിരായ ഹർജിയിൽ വാദം കേൾക്കവെയാണ് പരാമർശം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവരാണ് വാദം കേട്ടത്.
അഴിമതി ആക്ഷേപമോ അനർഹർക്ക് പണം നൽകിയെന്ന ആക്ഷേപമോ ഉന്നയിക്കുന്നില്ലെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകനും അറിയിച്ചു. മന്ത്രിസഭയുടെ തീരുമാനത്തിൽ സഹായം നൽകിയതിനെ മറ്റുതരത്തില്‍ കാണുന്നതെങ്ങനെയെന്ന സംശയം ലോകായുക്ത പ്രകടിപ്പിച്ചു. കൂട്ടായെടുത്ത തീരുമാനമാണെങ്കിലും വ്യക്തിപരമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്ന് പരാതിക്കാരൻ വാദിച്ചു. ഈ ഘട്ടത്തിലാണ് അനർഹർക്കാണ് പണം നൽകിയതെന്ന ആക്ഷേപംപോലുമില്ലല്ലോയെന്ന ചോദ്യം ലോകായുക്ത ഉയർത്തിയത്. സർക്കാരിന്റെ വാദം കേൾക്കാനായി കേസ് 18ലേക്ക് മാറ്റി. സർക്കാരിനുവേണ്ടി സ്പെഷ്യല്‍ അറ്റോർണി ടി എ ഷാജി, സ്പെഷ്യല്‍ ഗവ. പ്ലീഡർ പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി, പരാതിക്കാരനുവേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം എന്നിവർ ഹാജരായി.