24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡോക്ടർമാരുടെ സേവനം ഉപഭോക്തൃ നിയമ പരിധിയിൽ: ഹൈക്കോടതി.
Kerala

ഡോക്ടർമാരുടെ സേവനം ഉപഭോക്തൃ നിയമ പരിധിയിൽ: ഹൈക്കോടതി.

ഡോക്ടർമാരുടെ സേവനം ഉൾപ്പെടുന്ന മെഡിക്കൽ പ്രഫഷൻ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതികൾ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾക്കു പരിഗണിക്കാൻ തടസ്സം ഇല്ലെന്ന ജില്ലാ, സംസ്ഥാന കമ്മിഷനുകളുടെ ഉത്തരവുകളിൽ കോടതി ഇടപെട്ടില്ല.

തിമിരത്തിനുള്ള ചികിത്സയെ തുടർന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനി ടി.പി.അംബുജാക്ഷി 32.52 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചതാണ് തർക്കത്തിന് ആധാരം. ഇത്തരം പരാതികൾ ഉപഭോക്തൃ കമ്മിഷനിൽ നിലനിൽക്കില്ലെന്നു ഡോക്ടർമാർ വാദിച്ചെങ്കിലും ജില്ലാ, സംസ്ഥാന കമ്മിഷനുകൾ അതു തള്ളി. അതിനെതിരെ കണ്ണൂരിലെ ഡോ.വിജിൽ ഉൾപ്പെടെ ഒരുകൂട്ടം ഡോക്ടർമാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ വിധി.

ഡോക്ടർമാർ പല സ്ഥലങ്ങളിൽ കേസ് നടത്താൻ പോകുന്നതു മെഡിക്കൽ സേവനങ്ങളെ ബാധിക്കുമെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ, സൗജന്യമോ വ്യക്തിഗത സേവന കരാറിൽപ്പെട്ടതോ അല്ലാതെ ഉപയോക്താക്കൾക്കു ലഭ്യമാകുന്ന ഏതു സേവനവും 2(42) വകുപ്പിന്റെ പരിധിയിൽ വരുമെന്ന് 2019 ലെ നിയമത്തിൽ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി. സൗജന്യം അല്ലാത്ത മെഡിക്കൽ സേവനങ്ങളും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ഡോക്ടർമാരുടെ കൺസൽറ്റേഷൻ, രോഗനിർണയം, ചികിത്സ തുടങ്ങിയവ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്, 1986 ലെ നിയമം വ്യാഖ്യാനിച്ചു സുപ്രീം കോടതി പറഞ്ഞിട്ടുളളതു കോടതി ചൂണ്ടിക്കാട്ടി.

2019 ലെ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിൽ ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ മേഖലകൾ എടുത്തു പറയുന്നുണ്ടെങ്കിലും മെഡിക്കൽ സേവനം ഉൾപ്പെടുന്നില്ലെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ, പൊതു ഉപയോഗ സേവന മേഖലകളിൽ ചിലതു മാത്രം എടുത്തു പറഞ്ഞതാണെന്നു കോടതി പറഞ്ഞു. അതിനു പുറത്തുള്ള മേഖലകളും ഉൾപ്പെടും. പരിമിതി ഇല്ലെന്നു നിയമത്തിൽ തന്നെ പറയുന്നുണ്ട്. നിയമത്തിന്റെ കരടിൽ മെഡിക്കൽ സേവനങ്ങളെക്കുറിച്ച് പറഞ്ഞിട്ടും നിയമം വന്നപ്പോൾ ഒഴിവാക്കിയതിനു വ്യക്തമായ ഉദ്ദേശ്യമുണ്ടെന്നു ഹർജിക്കാർ പറയുന്നത് അംഗീകരിക്കാനാവില്ല. നിയമത്തിൽ വ്യക്തതയുള്ള സാഹചര്യത്തിൽ കരട് നോക്കി നിയമത്തിനു വ്യാഖ്യാനം നൽകേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.

Related posts

ജോലി തട്ടിപ്പ്: റെയിൽവേ ജീവനക്കാരിലേക്കും അന്വേഷണം

Aswathi Kottiyoor

അരിക്കൊമ്പൻ ആരോഗ്യവാൻ; കേരള അതി‍ർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ

Aswathi Kottiyoor

കുഞ്ഞിന്റെ മരണം ശ്വാസംമുട്ടി, കഴുത്തില്‍ കുരുക്കിന്റെ പാട്; അമ്മയെ ചോദ്യം ചെയ്യുന്നു.

Aswathi Kottiyoor
WordPress Image Lightbox