24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതിക്ക്‌ ഇടപെടൽ , ക്ഷേമപദ്ധതികൾ തുടരും.
Kerala

അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതിക്ക്‌ ഇടപെടൽ , ക്ഷേമപദ്ധതികൾ തുടരും.

സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖ 25 വർഷംകൊണ്ട്‌ കേരളത്തെ വികസിതരാജ്യങ്ങളിലെ ജീവിതനിലവാരത്തോടൊപ്പം എത്തിക്കാൻ ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസം, പരമ്പരാഗതവ്യവസായം, തൊഴിൽ തുടങ്ങി സമസ്‌ത മേഖലകളിലെയും വികസനം ഉറപ്പാക്കി പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള നിർദേശങ്ങളാണ്‌ മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലുള്ളതെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാലു കാര്യങ്ങളിൽ ഊന്നിയാണ്‌ വികസനരേഖ. സർക്കാരുകളിലെ പാർടി ഇടപെടലിന്‌ മാർഗരേഖയുണ്ടാക്കും. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റപ്പോഴുള്ള സ്ഥിതിവിശേഷം രണ്ടാംഭാഗത്ത്‌ വിശദീകരിക്കുന്നു. അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപ്പര്യം സംരക്ഷിച്ച്‌ കേരളത്തിന്റെ പൊതുവായവികസനം എങ്ങനെ മുന്നോട്ടുകൊണ്ടുപോയി എന്നും വിശദീകരിക്കുന്നു.

നവകേരളസൃഷ്‌ടിക്കായുള്ള നിർദേശങ്ങളാണ്‌ മൂന്നാംഭാഗത്ത്‌. അടുത്ത 25 വർഷംകൊണ്ട്‌ കേരളത്തിന്റെ ജീവിതനിലവാരം അന്താരാഷ്‌ട്രതലത്തിൽത്തന്നെ വികസിത, മധ്യവരുമാന രാഷ്‌ട്രങ്ങൾക്കുസമാനമായി ഉയർത്തണം. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ മുന്നോട്ടുനയിക്കാൻ സവിശേഷ ഇടപെടലുണ്ടാകണം. ശാസ്‌ത്ര–-സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉൽപ്പാദനം വർധിപ്പിച്ച്‌ നീതിയുക്തമായി വിതരണം ചെയ്യണം. ഇതിന്‌ പുതിയ യന്ത്രങ്ങൾ, സാങ്കേതികവിദ്യ, തൊഴിൽപ്രാവീണ്യമുള്ള തൊഴിലാളികൾ എന്നിവ ഉപയോഗപ്പെടുത്തണം. ക്ഷേമപദ്ധതികൾ ഉൾപ്പെടെ നിലനിർത്തണം. അത്തരം വികസനം മുന്നോട്ട്‌ കൊണ്ടുപോകണമെങ്കിൽ വൈജ്ഞാനികരംഗത്ത്‌ കുതിച്ചുചാട്ടമുണ്ടാകണം. ഇതിന്‌ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടണം.

ശാസ്‌ത്രസാങ്കേതികവിദ്യ എല്ലാ ജനങ്ങൾക്കും പ്രാപ്യമാകണം. സർവകലാശാലാ വിദ്യാഭ്യാസത്തെ ഉൽപ്പാദനമേഖലകളുമായി ബന്ധിപ്പിക്കണം. ജനങ്ങളിലെ സാമൂഹികബോധവും ചരിത്രബോധവും മാനവികമൂല്യങ്ങളും കൂടുതൽ വികസിപ്പിക്കണം. അതിന്‌ സാമൂഹ്യ–-ശാസ്‌ത്ര പഠനങ്ങൾ, അതിന്റെ പ്രാധാന്യം, മാതൃഭാഷാ സംരക്ഷണം എന്നിവയിൽ ഊന്നിയുള്ളതാകണം ഭാവികേരളം.
പരമ്പരാഗതവ്യവസായങ്ങളെ ആധുനികവൽക്കരിക്കണം. തൊഴിലാളിസംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്യേണ്ടതുണ്ട്‌. സഹകരണമേഖലയും പ്രാദേശിക ഭരണസ്ഥാപനങ്ങളും ഒരുമിച്ചുനിന്നുള്ള വികസനസമീപനം സ്വീകരിക്കണമെന്നും നയരേഖ വ്യക്തമാക്കുന്നു.

തുടർന്ന്‌ നയരേഖ വിവിധ മേഖലകളിലെ വിദഗ്‌ധരുമായും എൽഡിഎഫിലും ചർച്ച ചെയ്‌ത്‌ സർക്കാരിന്റെ കർമപദ്ധതികൾക്ക്‌ രൂപംനൽകുമെന്നും കോടിയേരി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി രാജീവ്‌, ജനറൽ കൺവീനർ സി എൻ മോഹനൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിരക്ക് കുറയ്ക്കാനാകില്ലെന്ന് സ്വകാര്യ ലാബുകള്‍……..

വ്യവസായപദ്ധതികൾക്ക്‌ ഭൂമി ; നിബന്ധനകളിൽ ഇളവ്‌ വേണം : കേരളം

Aswathi Kottiyoor

പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ ; കനത്ത ആള്‍നാശം ; ഉക്രയ്നിലേക്ക് ആയുധപ്രവാഹം

Aswathi Kottiyoor
WordPress Image Lightbox