24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും; മന്ത്രി കെ.രാജന്‍
Kerala

റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും; മന്ത്രി കെ.രാജന്‍

റവന്യൂ വകുപ്പിനെ സമുജ്ജലമായി ജനാധിപത്യവത്കരിക്കുമെന്നും ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് വില്ലേജ് ജനകീയ സമിതികള്‍ രൂപീകരിക്കുമെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. തിരുവനന്തപുരം കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന ജനകീയ സമിതി എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ച മൂന്ന് മണിക്ക് യോഗം ചേര്‍ന്ന് വില്ലേജ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അടിത്തട്ട് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ജനകീയവത്കരിക്കാന്‍ ഇത് സഹായിക്കും. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറേറ്റെന്ന പദവിക്ക് അര്‍ഹമായ തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാരെ അഭിനന്ദിച്ച മന്ത്രി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ സമ്പൂര്‍ണ്ണ ഇ- ജില്ലയായി പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. റവന്യൂ ജീവനക്കാരിലെ കലാ, കായിക, സാംസ്‌കാരിക പ്രതിഭകളെ കണ്ടെത്താനായി പ്രഥമ സംസ്ഥാന റവന്യൂ കലോത്സവം ഈ മാസം അവസാനം തൃശൂരില്‍ നടക്കും. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനഭാരം ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. എന്നാല്‍ റവന്യൂ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം സിവില്‍ സ്റ്റേഷനിലെ വിപുലീകരിച്ച പാര്‍ക്കിംഗ് സംവിധാനം, അപ്രോച്ച് റോഡ്, നിരീക്ഷണത്തിനായി സി.സി.ടി.വി സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു. ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പഞ്ചിംഗ് സംവിധാനം ഉടന്‍ നിലവില്‍ വരും. കൂടാതെ പുതിയ കോര്‍ട്ട് ഹാള്‍, ഓപ്പണ്‍ ജിം തുടങ്ങിയവയും ഉടന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 20 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കിയിട്ടുണ്ട്. 37 വില്ലേജുകളില്‍ സ്മാര്‍ട്ട് ഓഫീസുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി.

എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടി, അസിസ്റ്റന്റ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, ഡെപ്യൂട്ടി കളക്ടര്‍മാരായ ജേക്കബ് സഞ്ജയ് ജോണ്‍, പ്രിയ.ഐ.നായര്‍, സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ സജികുമാര്‍.എസ്.എല്‍, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍ കുമാര്‍ ടി.എസ് എന്നിവരും ജീവനക്കാരും പങ്കെടുത്തു.

Related posts

കണ്ണൂർ ജില്ലാസമ്മേളനത്തിന്‌ പ്രൗഢോജ്വല തുടക്കം

Aswathi Kottiyoor

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്‌ച; ലക്ഷ്യം 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികള്‍

Aswathi Kottiyoor

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്നു, ജ​നു​വ​രി​യി​ൽ 395 മ​ര​ണം

Aswathi Kottiyoor
WordPress Image Lightbox