22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ ; കനത്ത ആള്‍നാശം ; ഉക്രയ്നിലേക്ക് ആയുധപ്രവാഹം
Kerala

പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ ; കനത്ത ആള്‍നാശം ; ഉക്രയ്നിലേക്ക് ആയുധപ്രവാഹം

യുദ്ധം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിന്‌ ഗതിവേഗം കുറച്ച്‌ ശക്തമായ പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ. തലസ്ഥാനമായ കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോരാട്ടം അയഞ്ഞു. ജനങ്ങൾക്ക്‌ നഗരം വിടണമെങ്കിൽ സുരക്ഷിത പാതയൊരുക്കുമെന്ന്‌ റഷ്യൻ സൈന്യം വ്യക്തമാക്കി. അതിനിടെ, കീവിലെ റേഡിയോ ആക്ടീവ്‌ മാലിന്യങ്ങൾ സംസ്കരിക്കുന്ന ഇടത്തും റോക്കറ്റ്‌ ആക്രമണം ഉണ്ടായി.
റഷ്യ ഉടൻ ആക്രമണം നിർത്തി പിന്മാറണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പോരാട്ട പരിചയമുള്ള കുറ്റവാളികളെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
കനത്ത ആള്‍നാശം
റഷ്യയുടെ 5300 സൈനികരെ വധിച്ചതായും 191 ടാങ്കും 29 ഫെറ്റർ ജെറ്റും 29 ഹെലികോപ്ടറും 816 സായുധ വാഹനവും തകർത്തതായും ഉക്രയ്‌ൻ സൈന്യം ഫെയ്‌സ്‌ബുക്കിൽ അവകാശപ്പെട്ടു. കുറച്ച്‌ നാശനഷ്ടം ഉണ്ടായതായി റഷ്യ സമ്മതിച്ചിട്ടുണ്ട്‌. ഏഴു കുട്ടികളടക്കം 102 സാധാരണക്കാർ മരിച്ചതായി യുഎൻ റിപ്പോർട്ട്‌ ചെയ്തു. 304 പേർക്ക്‌ പരിക്കേറ്റു. 16 കുട്ടികൾ കൊല്ലപ്പെട്ടതായും 45 പേർക്ക്‌ പരിക്കേറ്റതായും സെലൻസ്കി അവകാശപ്പെട്ടു. ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന്‌ റഷ്യ വ്യക്തമാക്കി.
ബെർഡിയാൻസ്ക്‌ പിടിച്ചെടുത്ത റഷ്യൻ സൈന്യം ഖെർസോണിലും വൻ മുന്നേറ്റമുണ്ടാക്കി. മേഖലയിലെ പ്രധാന തുറമുഖ നഗരമായ മരിയുപോളിലും ഏറ്റുമുട്ടൽ തുടരുന്നു. സെപൊറിസിയ ആണവനിലയവും സമീപപ്രദേശങ്ങളും റഷ്യ പിടിച്ചു. ചെർണിഹിവിൽ ജനങ്ങളോട്‌ ലൈറ്റ്‌ അണച്ച്‌ വീടുകളിൽത്തന്നെ കഴിയാൻ അധികൃതർ നിർദേശം നൽകി. ബലാറസ്‌ സൈന്യവും റഷ്യക്കൊപ്പം പൊരുതാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്‌.

ഉപരോധം എതിർത്ത് ചൈന
റഷ്യക്കുനേരെ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച ഉപരോധത്തെ വിമർശിച്ച് ചൈന. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപരോധം ഏര്‍പ്പെടുത്തുന്ന രീതി നന്നല്ല. . ചൈനയും റഷ്യയും വ്യാപാര സഹകരണം തുടരുമെന്നും വിദേശമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
മനുഷ്യാവകാശ കൗൺസില്‍ ചര്‍ച്ച 3ന്
റഷ്യന്‍ സൈനിക നടപടിയില്‍ വ്യാഴാഴ്ച യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സംവാദം സംഘടിപ്പിക്കും. തിങ്കളാഴ്ച ജനീവയിൽ ചേർന്ന വാർഷിക യോഗത്തിൽ ഭൂരിഭാഗം അംഗരാജ്യങ്ങളും സംവാദം വേണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിനെ എതിർത്ത റഷ്യ സംവാദം വേണമോ എന്നത്‌ വോട്ടിന് ഇടണമെന്ന്‌ ആവശ്യപ്പെട്ടു. തുടർന്ന്‌ നടത്തിയ വോട്ടെടുപ്പിൽ 47ൽ 29 അംഗങ്ങളും സംവാദം വേണമെന്ന ആവശ്യത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും മാത്രം എതിരായി വോട്ട്‌ ചെയ്തു. 13 അംഗങ്ങൾ വിട്ടുനിന്നു.

എങ്ങും യുദ്ധവിരുദ്ധവികാരം
ഉക്രയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം. ജർമനി, പോളണ്ട്‌, തുർക്കി, ചെക്ക്‌ റിപ്പബ്ലിക്‌, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത്‌ പ്രതിഷേധ റാലികൾ നടന്നു. റഷ്യൻ എംബസികൾക്കു മുമ്പിലും ആളുകൾ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകളുയർത്തിയും പ്രതിഷേധിച്ചു. റഷ്യയിൽ 48 നഗരത്തിൽ സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച 2000 പേരെ ഞായറാഴ്‌ച പൊലീസ്‌ പിടികൂടി. പ്രതിഷേധങ്ങളിൽ ഇതുവരെ ഏകദേശം 5,500 പേർ പിടിയിലായിരുന്നു. ബർലിനിൽ 1,00,000 പേർ പങ്കെടുത്ത റാലി നടന്നു.

ഉക്രയ്നിലേക്ക് ആയുധപ്രവാഹം
റഷ്യക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിനായി നിരവധി രാജ്യങ്ങളാണ് ഉക്രയ്ന് സൈനികസഹായം വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. മൂന്നാം ഘട്ടമായി 35 കോടി ഡോളറിന്റെ സൈനിക സഹായംകൂടി അമേരിക്ക നല്‍കും. മാരകമായ പ്രതിരോധ ആയുധങ്ങൾ ഉൾപ്പെടെ കൂടുതല്‍ സൈനിക പിന്തുണ വാഗ്ദാനം ബ്രിട്ടനും പ്രഖ്യാപിച്ചു.

ഫ്രാൻസ്-
കൂടുതൽ സൈനിക ഉപകരണങ്ങളും ഇന്ധനവും അയക്കുന്നു. വിമാനംതകര്‍ക്കുന്ന പടക്കോപ്പുകളും നല്കും.

നെതർലൻഡ്സ്
വ്യോമപ്രതിരോധ റോക്കറ്റുകള്‍, ആന്റി ടാങ്ക് സംവിധാനം, 200 സ്റ്റിംഗർ മിസൈല്‍, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, സ്‌നിപ്പർ റൈഫിളുകൾ, വെടിമരുന്ന് തുടങ്ങിയവ നല്‍കും

ജർമനി
1000 ആ​ന്റിടാ​ങ്ക് ആ​യു​ധ​വും 500 ഉ​പ​രി​ത​ല മി​സൈ​ലും എത്തിക്കും. ആയുധ കയറ്റുമതി നിരോധിക്കുക എന്ന ദീർഘകാല നയത്തിൽനിന്ന് ഇതോടെ ജര്‍മനി പിന്നോട്ട് മാറി.

കാനഡ
മാരകമായ സൈനിക ആയുധങ്ങൾ അയച്ചു, കൂടൂതെ 39.4 കോടി ഡോളർ വായ്പയും

സ്വീഡൻ
5000 ടാങ്ക് വിരുദ്ധ റോക്കറ്റും മറ്റ് ആയുധങ്ങളും. 1939-ന് ശേഷം ആദ്യമായാണ് സായുധ പോരാട്ടം നടക്കുന്ന രാജ്യത്തേക്ക് സ്വീഡന്‍ ആയുധങ്ങൾ അയക്കുന്നത്.

ബെൽജിയം
3000 ഓട്ടോമാറ്റിക് റൈഫിളും 200 ടാങ്ക് വിരുദ്ധ ആയുധവും കൂടാതെ 3800 ടൺ ഇന്ധനവും നൽകും.

പോർച്ചുഗൽ
നൈറ്റ് വിഷൻ കണ്ണടകൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, ഗ്രനേഡുകൾ, വെടിമരുന്ന്, ഓട്ടോമാറ്റിക് ജി3 റൈഫിളുകൾ നൽകും.

ഗ്രീസ്
ഉക്രയ്നിൽ വലിയ പ്രവാസി സമൂഹമുള്ള ഗ്രീസ് –പ്രതിരോധ ഉപകരണങ്ങളും മാനുഷിക സഹായവും അയക്കും.

റൊമാനിയ
ഇന്ധനം, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, വസ്തുക്കള്‍ അടക്കം 33 ലക്ഷം ഡോളർ വിലമതിക്കുന്ന സഹായം നല്‍കും. 11 സൈനിക ആശുപത്രി സജ്ജമാക്കി.

സ്പെയിൻ
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, മെഡിക്കൽ, പ്രതിരോധ ഉപകരണങ്ങൾ അടക്കം 20 ടൺ സഹായം അയക്കും.

ചെക്ക് റിപ്പബ്ലിക്
4000 മോർട്ടാറും 30,000 പിസ്റ്റളും 7000 റൈഫിളും 3000 മെഷീൻ ഗണ്ണും നിരവധി സ്‌നൈപ്പർ റൈഫിളുകളും പത്ത് ലക്ഷം ബുള്ളറ്റും അയക്കും.

ആയുധവ്യാപാരം കൊഴു​ക്കും
ഉക്രയ്നില്‍ റഷ്യ സൈനിക നീക്കങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ലോകവ്യാപകമായി ആയുധവ്യാപാരം കൊഴു​ക്കും. കിഴക്കന്‍ യൂറോപ്പില്‍ അമേരിക്കയും യൂറോപ്പും ആയുധങ്ങളും സൈനിക ബലവും വര്‍ധിപ്പിക്കുകയാണ്. ഉടന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതിനും സേനയെ നവീകരിക്കുന്നതിനും തീരുമാനിച്ചതായി യൂറോപ്യന്‍ യൂണിയനും നാറ്റോയും അറിയിക്കുന്നു. ഇതെല്ലാം ആയുധ നിര്‍മാതാക്കള്‍ക്ക് വന്‍ ലാഭം ഉറപ്പാക്കുന്നു.

ഉക്രയ്നിലെ റഷ്യയുടെ സൈനിക നീക്കം വലിയ വ്യാപാര സാധ്യതകളിലേക്കാണ് വഴി തുറക്കുന്നതെന്ന് ആയുധ നിർമാതാക്കൾത്തന്നെ വെളിപ്പെടുത്തുന്നു. ആഗോളതലത്തിൽ ഏറ്റവും നൂതനമായ ആയുധ നിർമാതാക്കളായ റേതിയോൺ, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ കമ്പനികള്‍ സംഘർഷം ബിസിനസിന് നല്ലതാണെന്ന് തുറന്നുപറയുന്നതായി യുഎസിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

Related posts

ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് ഇന്ന് 30 വയസ്

Aswathi Kottiyoor

നവജാതശിശുക്കൾ “ശലഭ’മായി പറക്കും ; ശലഭം’ പദ്ധതിയിലൂടെ 19 ലക്ഷം പരിശോധന നടത്തി ആരോഗ്യവകുപ്പ്‌

Aswathi Kottiyoor

ISR0 യ്ക്ക് ചരിത്ര നിമിഷം;പതിനാറ് ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തിൽ

Aswathi Kottiyoor
WordPress Image Lightbox