നാളികേര വികസന ബോർഡിന് ഉടനേ പുതിയ ചെയർമാനെ നിയമിക്കും. ഇതു സംബന്ധിച്ച് രാഷ്ട്രീയതലത്തിൽ അന്തിമ ചർച്ചകൾ പൂർത്തിയായി. ഐഎഎസുകാർക്കു പകരം രാഷ്ട്രീയരംഗത്തുനിന്നുള്ളയാൾ ചെയർമാനാകും.
ചെയർമാൻ നിയമനത്തിനായി പാർലമെന്റ് ബില്ല് പാസാക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. സിഇഒ സ്ഥാനത്ത് ഐഎഎസുകാരനെ നിയമിക്കാൻ നോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിലെ തെങ്ങുകൃഷിക്കാർക്ക് നാളികേര വികസന ബോർഡിൽനിന്ന് സഹായം കിട്ടാത്ത സ്ഥിതിയാണ്. പ്രതിവർഷം 800 കോടി രൂപവരെ നേരത്തേ സഹായം ലഭിച്ചിരുന്നു. അഞ്ചു വർഷത്തിനിടെ നാലായിരം കോടിയോളം രൂപയുടെ കേന്ദ്ര സഹായം നാളികേര കൃഷിക്കാർക്കു നഷ്ടമായി.
എൻഡിഎ മുന്നണിയിലെ കേരളത്തിലെ നേതാക്കളെ ഒഴിവാക്കി തമിഴ്നാട്, കർണാടക സംസ്ഥാനക്കാരിൽനിന്ന് ഒരാളെ ബോർഡ് ചെയർമാനാക്കും. ബോർഡിൽ കേന്ദ്ര, സംസ്ഥാന പ്രതിനിധികൾ ഉൾപ്പെടെ 24 അംഗങ്ങളുണ്ട്. സുരേഷ് ഗോപി എംപി, കോഴിക്കോട് മാലാപ്പറന്പ് സ്വദേശി പി. രഘുനാഥ് എന്നിവർ മാത്രമാണ് കേരളത്തിൽനിന്നുള്ള ബോർഡ് അംഗങ്ങൾ.
രാജു നാരായണസ്വാമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞശേഷം ഇതര സംസ്ഥാനക്കാരായ ഐഎഎസുകാരാണ് ചെയർമാൻ സ്ഥാനം വഹിക്കുന്നത്. ആദ്യമെത്തിയ ആൾ ഫണ്ട് മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി പുതുതായി തെങ്ങുകൃഷി തുടങ്ങി. കാറ്റുവീഴ്ച വ്യാപകമായതിനാൽ വർഷത്തിൽ ഒരു തെങ്ങിൽനിന്ന് 25 തേങ്ങ കിട്ടാത്തതിനാൽ കേരളത്തിൽ പണം മുടക്കേണ്ടെന്ന നിലപാടാണ് ചെയർമാൻ സ്വീകരിച്ചത്.
നിലവിലെ ചെയർമാൻ രജ്ബീർ സിംഗ് അധികാരമേറ്റ് മൂന്നുവർഷത്തിനിടെ ഒരിക്കൽപോലും ബോർഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിൽ കാലുകുത്താതെ സ്ഥാനം ഒഴിയുകയാണ്.