റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കിയവ് ലക്ഷ്യമാക്കി വൻ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കിയവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദേശം നൽകി.
യുദ്ധകലുഷിതമായ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ തുടരുകയാണ്. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഒൻപതാം വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. റുമേനിയൻ തലസ്ഥാനമായ ബുക്കാറസിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
കിയവ് ലക്ഷ്യമിട്ട് റഷ്യ വൻ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. 64 കിലോമീറ്റർ നീളത്തിൽ റഷ്യൻ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.അതിനിടെ, കിയവിലും ഖാർകീവിലും മറ്റ് നഗരങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പ് ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ ആക്രമണമുണ്ടായിരുന്നു. ഒന്നാംവട്ട സമാധാന ചർച്ചകൾക്ക് ശേഷവും റഷ്യ ആക്രമണം കടുപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.