പുതിയ അധ്യയനവർഷം മുതൽ 6 വയസ്സു തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പു തുടങ്ങി.
നിലവിൽ സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോൾ ഇൗ ഇളവു പറ്റില്ല. നിലവിൽ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.
കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് 1 മുതൽ 5 വരെ ക്ലാസുകൾ പ്രൈമറിയും 6 മുതൽ 8 വരെ യുപിയും 9,10 ക്ലാസുകൾ ഹൈസ്കൂൾ വിഭാഗവുമാണ്. 9 മുതൽ 12 വരെ ക്ലാസുകൾ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്. കേരളത്തിൽ ഹൈസ്കൂൾ– ഹയർ സെക്കൻഡറി ഏകീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.