കനൽവഴി കടന്നുള്ള അതിജീവനത്തിന്റെ ചരിത്രമാണ് സ്‌ത്രീമുന്നേറ്റത്തിന്റേത്. ത്യാഗങ്ങളുടെയും സമരങ്ങളുടെയും ജ്വലിക്കുന്ന ഏടുകൾ ഓരോന്നിലും കാണാം. കാലത്തിനൊപ്പം സ്‌ത്രീ നടത്തിയ പോരാട്ടങ്ങളുടെ നേർക്കാഴ്‌ചയൊരുക്കുകയാണ് സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മറൈൻഡ്രൈവിൽ ഒരുക്കിയ ചരിത്ര–-ചിത്ര പ്രദർശനം.
അടിച്ചമർത്തലുകളെ മനക്കരുത്തുകൊണ്ടും പോരാട്ടവീര്യം കൊണ്ടും നേരിട്ട ധീരവനിതകൾ ചരിത്രത്തിന്റെ ഭാഗം. മാറുമറയ്‌ക്കാനുള്ള 30 വർഷത്തെ പോരാട്ടത്തിനൊടുവിൽ 1859 ജൂലൈ 26ന് സ്‌ത്രീ നേടിയെടുത്ത ആദ്യവിജയത്തിൽനിന്ന് തുടങ്ങുന്നു പോരാട്ടഗാഥ. മൂക്കുത്തി സമരം, തൊഴിലാളി പ്രക്ഷോഭങ്ങളിലെ സ്‌ത്രീ നായകത്വം, ചീമേനി എസ്‌റ്റേറ്റിലെ തോൽ–-വിറക് സമരം, വിദേശവസ്‌ത്ര ബഹിഷ്‌കരണം, അച്ചിപ്പുടവ സമരം, വിദ്യാഭ്യാസത്തിനായുള്ള പോരാട്ടം, കുട്ടനാട്ടിന്റെ മാനം ചുവപ്പിച്ച് കൂലിക്കായി കർഷകത്തൊഴിലാളികൾ നടത്തിയ പോരാട്ടം. വോട്ടവകാശത്തിനുവേണ്ടി ലോകത്താകെ സ്‌ത്രീകൾ നടത്തിയ പോരാട്ടം. അങ്ങനെ ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകൾ. ജാതി–-ജന്മി നാടുവാഴിത്തത്തിന്റെ കത്രികപ്പൂട്ടിൽനിന്ന് അടിച്ചമർത്തലിന്റെയും അസമത്വത്തിന്റെയും കാലത്തിൽനിന്ന് മുന്നോട്ടുള്ള പ്രയാണകാലം.
സ്വാതന്ത്ര്യസമരം, ക്വിറ്റ് ഇന്ത്യ സമരം തുടങ്ങി സമരങ്ങൾ നയിച്ച അമ്മു സ്വാമിനാഥൻ, ക്യാപ്‌റ്റൻ ലക്ഷ്‌മി, തോട്ടയ്‌ക്കാട് മാധവിയമ്മ തുടങ്ങിയ പോരാളികളുടെ ഓർമപ്പെടുത്തൽ. മറക്കുടയിൽനിന്ന് അന്തർജനത്തെ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് നയിച്ച ത്രിമൂർത്തികൾ–-ആര്യപള്ളം, പാർവതി നെൻമിനി മംഗലം, ലളിതാംബിക അന്തർജനം. ചരിത്രം സൃഷ്‌ടിച്ച കൊട്ടാരം മാർച്ചിലെ അക്കമ്മ ചെറിയാൻ… തുടങ്ങി സ്‌ത്രീപോരാട്ടത്തിന്റെ ഏടുകളിൽ എഴുതിച്ചേർക്കപ്പെട്ട പോരാളികൾ. സ്‌ത്രീയുടെ പ്രശ്‌നങ്ങൾ രാഷ്‌ട്രീയപ്രശ്‌നമായി അരങ്ങിലെത്തിയ ‘തൊഴിൽകേന്ദ്രത്തിലേക്ക്.’ സ്‌ത്രീയെ അടയാളപ്പെടുത്തിയ ആദ്യരേഖയായ തരീസാപ്പള്ളി പട്ടയം. ഒടുവിൽ അടുക്കളയിൽനിന്ന് അധികാരത്തിലേക്കുള്ള ചുവടുമാറ്റത്തിന് കൈപിടിച്ച് മുൻനിരയിലേക്ക് നയിച്ച ഇടതു സർക്കാർ. സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്കുള്ള സ്‌ത്രീയുടെ പ്രയാണത്തിന്റെ വിവിധ ഏടുകളുടെ ഓർമപ്പെടുത്തലാണ് പ്രദർശനം.