ചിക്കന്‍ വിഭവങ്ങളുടെ എണ്ണം കുറച്ചും ചിക്കന്‍ കറിയില്‍ പീസിന്റെ എണ്ണം കുറച്ചും ഇറച്ചിക്കോഴി വില വര്‍ധന നേരിട്ട് ഹോട്ടലുകളും തട്ടുകടകളും.
ഒരാഴ്‌ചയ്‌്ക്കുള്ളില്‍ ഇറച്ചിക്കോഴിയുടെ വിലയില്‍ കിലോഗ്രാമിനു 20 രൂപ വര്‍ധിച്ചതിനെത്തുടര്‍ന്നു പ്രതിസന്ധി നേരിടാനാണു ഹോട്ടലുകളുടെയും തട്ടുകടകളുടെയും പുതിയ തന്ത്രം. വന്‍കിട വ്യാപാരികളുടെ ആസൂത്രിത നീക്കത്തെത്തുടര്‍ന്ന് വില വീണ്ടും 150 ഇടവേളയ്‌ക്കു ശേഷം രൂപയിലേക്ക് അടുക്കുകയാണ്. പലയിടങ്ങളിലും ഇറച്ചിക്കോഴിക്കു തോന്നുന്ന വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
ഇന്നലെ 130 രൂപ മുതല്‍ 145 രൂപയ്‌ക്കു വരെ ഇറച്ചിക്കോഴിയെ വിറ്റ സ്‌ഥലങ്ങള്‍ ജില്ലയിലുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഏറ്റവും കൂടുതല്‍ വില്‍ക്കുന്നതു ഇറച്ചിക്കോഴി വിഭവങ്ങളാണ്. നഗരത്തിലേതുള്‍പ്പെടെ പല തട്ടുകടകളിലെയും പ്രധാന ഇനവും കോഴി പൊരിച്ചതാണ്‌്. എന്നാല്‍, വില 150 രൂപയിലേക്ക് അടുത്തതോടെയാണ് ഇവര്‍ പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. ഒരാഴ്‌ച മുമ്ബ് 125 രൂപയ്‌ക്കു വിറ്റിരുന്ന സ്‌ഥലങ്ങളില്‍ ഇപ്പോള്‍ വില 140 രൂപയായി. കുടുംബശ്രീയുടെ കേരളാ ചിക്കന്റെ വില ഇന്നലെ 129 രൂപയായിരുന്നു. ചൂട് വര്‍ധിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴിയുടെ വരവു കുറഞ്ഞതാണു വില കൂടാന്‍ പ്രധാന കാരണം.
കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ് വന്നതോടെ വിവാഹവും മറ്റ് സല്‍ക്കാര പാര്‍ട്ടികളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ച സാഹചര്യം മുതലെടുക്കുകയാണ് വ്യാപാരികളെന്ന് ആക്ഷേപമുണ്ട്. ഇതോടെ കോഴിയിറച്ചിയുടെ ആവശ്യം വര്‍ധിച്ചിരുന്നു.
ക്രൈസ്‌തവരുടെ വലിയ നോമ്ബ് ആരംഭിക്കുന്നതിനു മുന്നോടിയായി വിവാഹമുള്‍പ്പെടെ ആഘോഷങ്ങള്‍ കൂടുതലായി ഈ ദിവസങ്ങളില്‍ നടക്കുന്നതും ഇറച്ചിക്കോഴിയുടെ ഡിമാന്റ് വര്‍ധിപ്പിച്ചു. ഇതെല്ലാം മുതലെടുത്തു വന്‍കിട വ്യാപാരികള്‍ വില കൂട്ടുകയാണെന്നു ചെറുകിട കച്ചവടക്കാര്‍ പറയുന്നത്. ആഘോഷാവശ്യങ്ങള്‍ക്കായി കേരള ചിക്കനെക്കാളും വരവ് കോഴികളാണ് കൂടുതലായും വാങ്ങുന്നത്. കേരളാ ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ കുറവാണെന്നതും തിരിച്ചടിയാകുന്നുണ്ട്. തട്ടുകടകളിലേയ്‌ക്കും ഹോട്ടലുകളിലേക്കും കൂടുതല്‍ വാങ്ങുന്നതും ഇറക്കുമതി കോഴികളാണ്.
വര്‍ഷങ്ങളായി ജില്ലയില്‍ പ്രാദേശിക കോഴിഫാമുകള്‍ നിലനിന്നിരുന്നെങ്കിലും നഷ്‌ടത്തെത്തുടര്‍ന്ന് പലതും പൂട്ടി. അവശേഷിക്കുന്നവയില്‍ ഭൂരിഭാഗത്തിന്റെയും നിയന്ത്രണം തമിഴ് ലോബികള്‍ക്കാണ്. സ്വന്തമായി വളര്‍ത്തുന്നവര്‍ പരിപാലന ചെലവ് വര്‍ദ്ധിച്ചതോടെ പിന്തിരിയാനുള്ള ഒരുക്കത്തിലാണ്. തമിഴ്‌നാട്ടില്‍ നിന്നുമെത്തിക്കുന്ന കോഴിക്കുഞ്ഞിന്റെ വിലയില്‍ മാത്രം ഇരട്ടി വര്‍ധനയുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ഇതിനൊപ്പം ചൂട് വര്‍ധിച്ചതും കാണമായിട്ടുണ്ട്. ഏതാനും മാസം മുമ്ബ് 150 രൂപയ്‌ക്കടുത്തെത്തിയ ശേഷം വില 100 രൂപയില്‍ താഴ്‌ന്നിരുന്നു. തുടര്‍ന്ന് ഏതാനും മാസങ്ങളായി 110- 120 രൂപയില്‍ നില്‍ക്കുകയായിരുന്നു.