കാരവൻ ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവനും 120 കാരവൻ പാർക്കും ഉടൻ സജ്ജമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക് എത്തിക്കാൻ ഇതിലൂടെ കഴിയുമെന്നും സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്ക് വാഗമണ്ണിൽ ഉദ്ഘാടനംചെയ്‌ത് അദ്ദേഹം പറഞ്ഞു.
രണ്ട് മുതൽ ഏഴര ലക്ഷംവരെ സബ്‌സിഡി നൽകിയതും മോട്ടോർ വാഹനവകുപ്പിന്റെ ഇളവുകളും കാരവനുകൾ വാങ്ങാൻ സംരംഭകരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സിട്രിൻ ഹോസ്‌പിറ്റാലിറ്റി വെഴ്‌സ് ലിമിറ്റഡിന്റെ വാഗമണിലെ അഥക് ഹോട്ടൽസ് ആൻഡ് റിസോർട്ടാണ് ‘കാരവൻ മെഡോസ്’ പാർക്ക് ആരംഭിച്ചത്. രണ്ടോ അതിലധികമോ പേർക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടലുകളില്ലാതെ രാത്രി തങ്ങാനും സാധിക്കുന്നവയാണ് കാരവനുകൾ. അടുക്കള, കിടക്ക, കുളിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ടാകും. വാഗമണിൽനിന്ന് കാരവനിലാണ് പാർക്ക് സ്ഥിതിചെയ്യുന്ന ഏലപ്പാറ റോഡിലെ നല്ലതണ്ണിയിലേക്ക് മന്ത്രി എത്തിയത്. കാരവൻ ടൂറിസമെന്ന ആശയം ഈ വ്യവസായത്തിന് പുതിയ ഊർജം പകരും.