ഓൺലൈൻ തട്ടിപ്പുകൾ കുതിക്കുമ്പോഴും നിയമത്തിലെ പാളിച്ച മൂലം കാര്യമായൊന്നും ചെയ്യാനാകാതെ പൊലീസ്. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 333 കേസാണ്. ഒന്നര മാസത്തിനിടെ ഇത്തരം തട്ടിപ്പ് കേസുകളിൽ വലിയ വർധനയുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും അറസ്റ്റിലായതും മറ്റു നിയമനടപടികൾക്കു വിധേയരായതും വളരെ കുറച്ചുപേർ മാത്രം.
അനധികൃത സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗരൂകരാകാൻ നിർദേശിക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ കേരള പൊലീസ് നടത്തുന്നുണ്ടെങ്കിലും തട്ടിപ്പുകൾ നിർബാധം തുടരുകയാണ്. 2020ൽ 135 ഉം ’21 ൽ 288 ഉം ഈവർഷം ഫെബ്രുവരി 14 വരെ 79 ഉം പരാതിയാണ് കേരള പൊലീസിന് ലഭിച്ചത്. 2020 ൽ ലഭിച്ച 135 പരാതിയിൽ 109 കേസ് രജിസ്റ്റർ ചെയ്യുകയും 275 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ 143 പേരേ അറസ്റ്റിലായുള്ളൂ. 13 സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്.
2021ലെ 288 പരാതികളിൽ 190 പേരെ പ്രതി ചേർത്ത് 176 കേസ് രജിസ്റ്റർ ചെയ്തെങ്കിലും 109 പേരെ മാത്രമേ അറസ്റ്റ് ചെയ്യാനായുള്ളൂ. തട്ടിപ്പ് നടത്തിയ 10 സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടായി. ഈ വർഷം ഫെബ്രുവരി 14 വരെ 79 പരാതി ലഭിച്ചതിൽ 30 കേസെടുത്ത് 200 പേരെ പ്രതിചേർത്തു. ഈ കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ഒരു സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. ഇത്തരം പരാതികളിൽ പൊലീസിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഓൺലൈൻ തട്ടിപ്പുകളിൽ ഏറെയും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നാണു നടക്കുന്നത്. ഓൺലൈൻ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ തടയിടാൻ നിയമനിർമാണത്തിന് സർക്കാർ ഉദ്ദേശിച്ചിരുന്നെങ്കിലും നിയമസാധുത ചോദ്യംചെയ്യപ്പെട്ടതിനാൽ പിന്മാറുകയായിരുന്നു. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ നിയമനിർമാണമോ ചട്ടം രൂപവത്കരണമോ നടത്തേണ്ടത് കേന്ദ്ര സർക്കാർ ആണെന്നാണ് ഔദ്യോഗിക വിശദീകരണം.