ഇരിട്ടി: ഗ്രന്ഥശാലകൾക്കായി നടത്തിയ കയ്യെഴുത്തു മാസിക മത്സരത്തിൽ സി ആർ സി ബ്ലാത്തൂരിൻ്റെ ഒരു ദേശം സ്വയം ചരിത്രമെഴുതുന്നു ഒന്നാം സ്ഥാനം നേടി. ഇരിട്ടി താലൂക്കിൽ സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളുടെ എണ്ണം നൂറ് തികഞ്ഞതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കയ്യെഴുത്ത് മാസിക മത്സരം നടത്തിയത്. വിജയതിലകം പരിപാടി ഡോ . വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഉളിക്കൽ ലിസ്കോ ലൈബ്രറിയുടെ മഷി കുടഞ്ഞു കുറിച്ചിടുന്നു രണ്ടാം സ്ഥാനവും വായനയുടെ അതിതീവ്ര വ്യാപനം ആഗ്രഹിക്കുന്ന സെൻട്രൽ വികാസ് ലൈബ്രറിയുടെ ഒമിക്രോൺ മൂന്നാം സ്ഥാനവും നേടി. മട്ടന്നൂർ മേഖലയിൽ നവോദയ കാരയുടെ അക്ഷരക്കൂട്ടും, പേരാവൂർ മേഖലയിൽ യുവശക്തി നെയ്യളത്തിൻ്റെ നാട്ടുപച്ചയും, ഇരിട്ടി മേഖലയിൽ സി ആർ സി ബ്ലാത്തുരിൻ്റെ ഒരു ദേശം സ്വയം ചരിത്രമെഴുതുന്നു മാസികയും ഒന്നാം സ്ഥാനം നേടി. കയ്യെഴുത്തു മാസിക മത്സര വിജയികൾക്ക് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ സമ്മാനങ്ങൾ നൽകി. ജില്ലയിലെ മികച്ച വനിത ലൈബ്രേറിയനായി തിരഞ്ഞെടുത്ത കെ. ശ്രീനയെ കെ. വി. സക്കീർ ഹുസൈൻ അനുമോദിച്ചു.
ജില്ലാതല വായനമത്സര വിജയികൾക്ക് ഡോ: സി.കെ. മോഹനൻ സമ്മാനങ്ങൾ നൽകി. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി, സാക്ഷരതാ മിഷൻ കോ. ഓഡിനേറ്റർ ശ്രീജൻ പുന്നാട്, കെ. എ. ബഷീർ, പി. പി. രാഘവൻ മാസ്റ്റർ, എ. കെ. രവീന്ദ്രൻ,വി.കെ.പ്രേമരാജൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ സ്വാഗതവും പി. രഘു നന്ദിയും പറഞ്ഞു.