കീവ്> റഷ്യയോട് ഒറ്റക്ക് പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 137 സൈനികർ കൊല്ലപ്പെട്ടുവെന്നും ഉക്രെയ്‌ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. 316 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഉക്രെയ്‌ൻ പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്.
‘നാറ്റോ അംഗത്വത്തിനായി 27 യുറോപ്യൻ രാജ്യങ്ങളുമായി സംസാരിച്ചു. എന്നാൽ അവർക്കെല്ലാം പേടിയാണ്. ആരും കൃത്യമായ മറുപടി നൽകുന്നില്ല. പക്ഷേ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഞങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണ്.എന്നാൽ ചുറ്റും ഭീഷണിയാണ്’. സെലൻസ്കി പറഞ്ഞു.
രാത്രിയും റഷ്യ ആക്രമണം തുടർന്നു. കീവിൽ വൻ സ്‌ഫോടനമാണ് നടന്നത്. റഷ്യൻ ടാങ്കറുകർ കീവ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഒഡേസയിലും റഷ്യൻ ആക്രമണം നടക്കുന്നതായി വിവരങ്ങളുണ്ട്. ഉക്രെയ്‌ന്റെ തിരിച്ചുള്ള പ്രതിരോധത്തിൽ റഷ്യൻ വിമാനങ്ങൾ തകർന്നതായും സ്‌ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.