കേരള സിലബസിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നവരുടെ മാര്‍ക്ക് ലിസ്റ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വിശദീകരണത്തെത്തുടര്‍ന്ന് നിയന്ത്രണമില്ലാതെ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട അപ്പീലിലെ തുടര്‍ നടപടികള്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അവസാനിപ്പിച്ചു.
ഓരോ വിഷയത്തിലും 90 ശതമാനത്തിലേറെ മാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്ക് നല്കുകയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022 ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാനുവലില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മോഡറേഷന് നിര്‍ത്തലാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ നടപ്പാക്കാന്‍ 2019 ജൂലൈ എട്ടിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാനാണ് സിംഗിള്‍ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നത്. ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട കരവാളൂര്‍ സ്വദേശി റോഷന് ജേക്കബ് ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ നല്കിയ അപ്പീലാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
കേരള സിലബസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണമില്ലാതെ മോഡറേഷനും ഗ്രേസ് മാര്‍ക്കും നല്‍കുന്നത് മറ്റു സിലബസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നായിരുന്നു അപ്പീലിലെ വാദം. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിലടക്കം മിടുക്കരായ മറ്റു വിദ്യാര്‍ഥികള്‍ക്ക് ഇതുമൂലം അവസരം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു നടപ്പാക്കുന്നതിനുള്ള സമയക്രമം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയെന്ന നിലയ്ക്കാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാനുവല്‍ സര്‍ക്കാര്‍ ഹാജരാക്കിയത്. ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ ഇതോടെ വ്യക്തത വരുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഡിവിഷന് ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്.