കേളകം: കുട്ടികളിലും യുവജനങ്ങളിലും ലഹരിയുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കപ്പുറം സ്വപ്നം കാണുവാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് ഡ്രീം. ഡ്രീം കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡ്രീം കണ്ണൂർ ജില്ലാ കോഡിനേറ്റർ ഷിജോ ജോസഫ്, സോഷ്യൽ വർക്കർ ശാലു സണ്ണി എന്നിവർ ക്ലാസുകൾ നയിച്ചു. മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ദൂഷ്യഫലങ്ങളെക്കുറിച്ചും അവയുടെ സ്വാധീനത്തെ ജീവിത നൈപുണികൾ കൊണ്ട് എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. കുട്ടികള്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു ലഹരിവിരുദ്ധ ക്ലബ്ബ് കോഡിനേറ്റർ ഫാ. എൽദോ ജോൺ എന്നിവർ സംസാരിച്ചു.