വന്യമൃഗ–-മനുഷ്യ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമം സർക്കാർ വിവിധ പദ്ധതികളിലൂടെ നടത്തി വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല.
പല പ്രാവശ്യം ആവശ്യപ്പെട്ടപ്പോൾ ഏറ്റവും രൂക്ഷമായ പ്രശ്നമുള്ള വില്ലേജുകൾ തിരിച്ച് ആവശ്യപ്പെടാൻ അറിയിച്ചു. 406 വില്ലേജിന്റെ പേര് നൽകി. എന്നിട്ടും പ്രയോജനമില്ല. ഇനിയും കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. കാട്ടുപന്നികളെ നാലാം ഷെഡ്യൂളിൽനിന്നും അഞ്ചിലേക്ക് മാറ്റാനുള്ള നിയമപരമായ നടപടികളും ആലോചിക്കേണ്ടതുണ്ട്. ആനകളെ തടയാൻ പ്രതിരോധ മതിലും സൗരോർജ വേലിയും നിർമിക്കുന്നുണ്ട്. എന്നാൽ, സംരക്ഷണ നടപടികൾ വേണ്ടത്ര നടക്കുന്നില്ല. പഞ്ചായത്തുകളുടെയും എംഎൽഎമാരുടെയും ഫണ്ട് ഇതിന് ഉപയോഗപ്പെടുത്തണം. സുൽത്താൻബത്തേരി കൽപ്പറ്റ എംഎൽഎമാർ തയ്യാറായിട്ടുണ്ട്.
ഏഴ് ആർആർടി കൂടി സ്ഥാപിക്കും. മൃഗങ്ങളെ പിടിക്കാൻ പുതിയ കൂട് വാങ്ങും. ആറളത്ത് ആനമതിലിന് പട്ടിക ജാതി–-വർഗ ഫണ്ടിൽനിന്ന് തുക ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നഷ്ടപരിഹാരവും താമസിയാതെ വിതരണം ചെയ്യും. കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്‌റ്ററുടെ ശ്രദ്ധ ക്ഷണിക്കലിനും ലിന്റോ ജോസഫ്, പ്രമോദ് നാരായണൻ, സനീജ് ജോസഫ്, റോജി ജോൺ എന്നിവരുടെ ഉപക്ഷേപങ്ങൾക്കും മറുപടി നൽകുകയായിരുന്നു മന്ത്രി.