കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച സർവീസുകൾ ഓടിത്തുടങ്ങിയെന്ന് ഒരാഴ്ച മുമ്പ് കെ. എസ്. ആർ. ടി. സി. പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ മാത്രം ഇപ്പോഴും 10 സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.
പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്നതുൾപ്പെടെയുള്ള സർവീസുകളാണ് കെ. എസ്. ആർ. ടി. സി. നിർത്തലാക്കിയത്. ദീർഘദൂര സർവീസുകളടക്കം നിർത്തലാക്കിയവയിൽപ്പെടും. ലോക്ഡൗണിൽ നിർത്തലാക്കിയ ഈ സർവീസുകൾ ഒന്നും കെ. എസ്. ആർ. ടി. സി. പുനരാരംഭിച്ചില്ല.
നേരത്തെ മാനന്തവാടിയിൽനിന്ന് പാൽച്ചുരം വഴി 30 ഓളം സർവീസുകളുണ്ടായിരുന്നതാണ്. അരമണിക്കൂർ ഇടവിട്ട് ബസുകളുണ്ടായിരുന്നു. ഇപ്പോഴത് 20-ഓളമായി കുറഞ്ഞു. ബളാൽ, ചീക്കാട്, പയ്യന്നൂർ, കോട്ടയം തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് തുടങ്ങാത്തവയിലേറെയും. ലോക്ഡൗണിനുശേഷം എട്ട് സർവീസുകൾ മാത്രമാണ് ചുരംവഴി കെ. എസ്. ആർ. ടി. സി. പുനരാരംഭിച്ചിരുന്നത്.