ആത്മഹത്യയുടെ നിരക്കിൽ കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഒമ്പതിനായിരത്തോളം പേരാണ് ആത്മഹത്യ ചെയ്തതെന്നാണ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. ഓരോ വർഷവും ആത്മഹത്യയുടെ നിരക്ക് കൂടിവരികയാണ്. കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് കൂടുതൽ ആത്മഹത്യകളും.
പ്രേമനൈരാശ്യം, കടബാധ്യത, അസുഖങ്ങൾ, ജോലിയില്ലാത്തത് തുടങ്ങിയവയാണ് ആത്മഹത്യയുടെ മറ്റു പ്രധാന കാരണങ്ങളായി കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തവരിൽ 6570 പേർ പുരുഷന്മാരാണ്.
സ്ത്രീകൾ 1950 പേർ. ആത്മഹത്യ ചെയ്യുന്നവരുടെ വിദ്യാഭ്യാസം പരിശോധിച്ചാൽ 34 പേർ പ്രഫഷണൽ ഡിഗ്രിയുള്ളവരാണ്. 262 പേർ ഡിഗ്രിയും അതിനു മുകളിലും വിദ്യാഭ്യാസം നേടിയവർ. പത്താം ക്ലാസ്വരെ പഠിച്ചവരാണ് ആത്മഹത്യ ചെയ്തവരിൽ കൂടുതലെന്നാണ് പോലീസിന്റെ കണക്കിൽ വ്യക്തമാകുന്നത്.
സർക്കാർ ജീവനക്കാരായ 70 പേരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന 593 പേരും ജീവനൊടുക്കിയവരിലുണ്ട്.