കോലഞ്ചേരി ∙ മൂന്നു വയസ്സുകാരിക്കു ക്രൂരമർദനമേറ്റ സംഭവത്തിൽ മാതൃ സഹോദരിയുടെ ആൺ സുഹൃത്ത് പുതുവൈപ്പ് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം. കുഞ്ഞിനും മാതാവിനും ഒപ്പം താമസിക്കുന്ന മാതൃ സഹോദരിയെ കാണാൻ ഇയാൾ സ്ഥിരമായി വീട്ടിൽ വന്നിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. മിക്കവാറും ദിവസങ്ങളിൽ രാത്രി ഈ വീട്ടിലാണു താമസിച്ചിരുന്നത്. സഹോദരിയുടെ ഭർത്താവാണെന്നാണ് അയൽവാസികളോടു പറഞ്ഞിരുന്നത്. ഇന്നലെ രാവിലെ മുതൽ ഇയാളുടെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. ഇയാൾക്കും ഭാര്യാ സഹോദരിക്കും മുത്തശ്ശിക്കും കുട്ടിയെ ആക്രമിച്ചതിൽ പങ്കുണ്ടാകാമെന്ന സംശയം കുട്ടിയുടെ പിതാവ് ഉന്നയിച്ചിട്ടുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്നു വയസ്സുകാരിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിലുള്ള കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. എംആർഐ പരിശോധനയിൽ തലച്ചോറിനുള്ളിലേക്കു രക്തസ്രാവം കുറഞ്ഞതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
കുട്ടിയുടെ അമ്മയും മുത്തശ്ശിയും നൽകുന്ന മൊഴികൾ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. വീട്ടിലെ രഹസ്യം ചോർത്താൻ കുട്ടിയുടെ ദേഹത്തു ചിപ്പ് പിടിപ്പിച്ചിട്ടുണ്ടെന്നും ഇതു മൂലമാണു കുട്ടി അമാനുഷിക പ്രവർത്തികൾ ചെയ്യുന്നതെന്നുമാണു മാതാവും മുത്തശ്ശിയും പൊലീസിനോടു പറഞ്ഞത്. തെങ്ങോടിൽ ഇവർ താമസിക്കുന്ന അപാർട്മെന്റിലെ മറ്റു കുടുംബങ്ങൾക്ക് ഇവരുമായി അടുപ്പമില്ല. മൂന്നു വയസ്സുള്ള കുഞ്ഞ് വീട്ടിലുണ്ടെന്നു തൊട്ടടുത്തു താമസിക്കുന്ന കുടുംബം പോലും അറിഞ്ഞിരുന്നില്ല.